
സംസ്ഥാന ബിജെപിയ്ക്ക് ഇനി പുതിയ മുഖം. ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. നാലുപേരാണ് ജനറൽ സെക്രട്ടറിമാർ. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും.പുതിയ സംസ്ഥാന ഭാരവാഹികൾക്ക് ആശംസയുമായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.
പുതിയ സംസ്ഥാന ഭാരവാഹികൾക്കും മേഖലാ അദ്ധ്യക്ഷൻമാർക്കും ഹൃദ്യമായ ആശംസകൾ. കൂടുതൽ ഉയരങ്ങളിലേക്ക് പാർട്ടിയെ നയിക്കാനും വികസിത കേരളം യാഥാർത്ഥ്യമാക്കാനും എല്ലാവർക്കും ജഗദീശ്വരന്റെ അനുഗ്രഹമുണ്ടാവട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതും ശ്രദ്ധേയമാണ്.
ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ.
സംസ്ഥാന അധ്യക്ഷന്റെ ശൈലിക്ക് എതിരെ കോര്‍ കമ്മിറ്റി യോഗത്തിൽ വി മുരളീധരൻ പക്ഷം വിമർശനം ഉയർന്നതിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഡൽഹിയിലെത്തിയിരുന്നു. ഒരു വിഭാഗം നേതാക്കളുടെ നിലപാടിൽ തനിക്കുള്ള കടുത്ത അതൃപ്തി ദേശീയ നേതൃത്വത്തെ രാജീവ് ധരിപ്പിച്ചിരുന്നു. പിന്നാലാണ് മുരളി പക്ഷത്തെ വെട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
Be the first to comment