കണ്ണൂര്‍ : ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അന്വേഷണം എത്തി നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ മുറിയുടെ വാതില്‍പ്പടിക്കലെന്ന് ബിജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പക്ഷെ പിടിക്കാന്‍ ധൈര്യമുള്ള ഓഫീസറുണ്ടോ?. ഈ കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്ന് ഞങ്ങള്‍ മുമ്പേ തന്നെ പറഞ്ഞിട്ടുണ്ട്. പത്മകുമാറിനെ പുറത്താക്കാതെ സിപിഎം സംരക്ഷിക്കുന്നത് ഇതുമായി ബന്ധമുള്ള നേതാക്കളുടെ പേര് പുറത്തുവരും എന്നതിനാലാണെന്നും രാജീവ് ചന്ദ്രശേഖര്‍ കണ്ണൂരില്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് മാത്രമേ പങ്കുള്ളുവെന്ന് പറയാന്‍ കഴിയില്ല. ഈ കാര്യത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷിച്ച് കുറ്റക്കാര്‍ ആരായാലും ജയിലില്‍ അടക്കണമെന്നുള്ളതാണ് ബിജെപിയുടെ നിലപാട്. അമ്പലത്തില്‍ പോകുന്നവര്‍ വിശ്വാസികളായിട്ട് പോകണം, കൊള്ളക്കാരായിട്ട് പോകരുത്. ഇനിയിങ്ങനെ ഒരു കൊള്ള നടത്താന്‍ ആര്‍ക്കും ധൈര്യം തോന്നരുതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ലോകത്തില്‍ എല്ലാവരും വരുന്ന ക്ഷേത്രമാണത്. അവിടെ വീഴ്ച പറ്റിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതൊരു വീഴ്ചയല്ല കൊള്ളയാണിത്. ഇതൊരു ക്രൈമാണ്. ഇതില്‍ വലിയ സങ്കടവും ദേഷ്യവുമുണ്ട്. ശബരിമലയില്‍ നടന്നാല്‍ വേറെ എവിടെയും ഇതു നടക്കില്ലേ. ശബരിമലയില്‍ നടന്നത് വേറെ എവിടെയും ഇനി നടക്കാന്‍ പാടില്ല. അതുകൊണ്ടാണ് നല്ല അന്വേഷണം വേണമെന്ന് ബിജെപി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.



Be the first to comment