ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സഞ്ജുവിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സഞ്ജു ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ പല സെലിബ്രറ്റി സ്ഥാനാര്‍ഥികളെയും ബിജെപി പരീക്ഷിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സഞ്ജുവിന്റെ പേരും ഉയര്‍ന്നുവന്നത്. നടന്‍ ഉണ്ണി മുകുന്ദന്റെ പേരും നേരത്തെ ഉയര്‍ന്നുവന്നിരുന്നു. പാലക്കാട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉണ്ണി മുകുന്ദനെ പരിഗണിക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ട്.
നിലവില്‍ ക്രിക്കറ്റ് വിട്ട് സഞ്ജു രാഷ്ട്രീയത്തിലേക്ക് തിരിയാനുള്ള സാധ്യതയുമില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ഈ സീസണിലെത്തിയ സഞ്ജു, ഇന്ത്യന്‍ ടി20 ടീമിലെ സ്ഥിരം സാന്നിധ്യവുമാണ്. വരാനിരിക്കുന്ന ടി 20ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. ഇത്തരമൊരു സാഹചര്യത്തില്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ താരം തയ്യാറായേക്കില്ല. 2016 ല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപിക്കായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് മത്സരിച്ചിരുന്നു. അന്ന് വലിയ തോതില്‍ വോട്ടുപിടിക്കാനും ശ്രീശാന്തിനായിരുന്നു.



Be the first to comment