‘ആശമാരുടെ ഇന്‍സെന്റീവ് പ്രതിമാസം 3500 രൂപയാക്കി, ഇനിയെങ്കിലും സംസ്ഥാനസര്‍ക്കാര്‍ വേതനം വര്‍ധിപ്പിക്കണം’

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് പ്രതിമാസം 3,500 രൂപയാക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വാക്ക് പാലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഇനിയെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ തയ്യാറാവണം. കേരളം പ്രതിമാസ ഇന്‍സെന്റീവ് 7,000 കൊടുക്കുമ്പോള്‍ ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര 10,000 രൂപയാണ് ആശമാര്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു

കേന്ദ്രസര്‍ക്കാര്‍ ആശമാര്‍ക്ക് നല്‍കുന്ന പ്രതിമാസ ഇന്‍സെന്റീവ് രണ്ടായിരം രൂപയില്‍നിന്ന് 3500 രൂപയാക്കി ഉയര്‍ത്തിയ വിവരം കേന്ദ്ര ആരോഗ്യ സഹ മന്ത്രി പ്രതാപ് റാവു ജാദവ് ലോക്സഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നു എന്ന വിവരവും കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നാളുകളായി തുടരുന്ന ആശ വര്‍ക്കര്‍മാരുടെ സമരം സംസ്ഥാന വിഹിതം വര്‍ധിപ്പിക്കണം എന്ന ആവശ്യത്തിന്മേല്‍ ആണ്.

നാഷണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗങ്ങളിലും ഇതര അവലോകന യോഗങ്ങളിലും ആശാവര്‍ക്കന്മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ആശാ വര്‍ക്കന്മാരുടെ ഉള്‍പ്പെടെ ആരോഗ്യമേഖലയിലെ ഭരണപരവും മാനവ വിഭവ ശേഷി സംബന്ധവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് അതത് സംസ്ഥാന സര്‍ക്കാരുകളാണെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെക്കൊണ്ട് കഴിയുന്ന എല്ലാ ആനുകൂല്യങ്ങളും ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടി ചെയ്യുന്നുണ്ട്. ആശാവര്‍ക്കര്‍മാരെ ആരോഗ്യമേഖലയിലെ മുന്‍നിര പോരാളികളായാണ് കേന്ദ്രം പരിഗണിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*