
ക്രിസ്ത്യൻ ഔട്ട് റീച്ചിന് പിന്നാലെ മുസ്ലീം ഔട്ട് റീച്ചും സംഘടിപ്പിക്കാൻ ബിജെപി. ബിജെപി സാമുദായിക അടിസ്ഥാനത്തിൽ മുസ്ലീം നേതാക്കളുടെയും യോഗം ചേരും. കോഴിക്കോട് കേന്ദ്രീകരിച്ചാണ് മുസ്ലീം ശില്പശാല സംഘടിപ്പിക്കുക. ന്യൂനപക്ഷ മോർച്ചയുടെ ആഭിമുഖ്യത്തിൽ ആയിരിക്കും പരിപാടി നടത്തുക.
കോട്ടയത്ത് പാർട്ടിയിലെ ക്രൈസ്തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ഔട്ട് റീച്ച് സംഘടിപ്പിക്കാനും ബിജെപിയുടെ തീരുമാനം. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബിജെപി മതാടിസ്ഥാനത്തിൽ യോഗം ചേർന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താതെ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആകില്ലെന്ന വിലയിരുത്തലിനെ തുടർന്നായിരുന്നു കോട്ടയത്ത് യോഗം ചേർന്നത്.
ക്രിസ്ത്യൻ ഔട്ട് റീച്ച് എന്നത് വിവാദമാകാതിരിക്കാൻ സോഷ്യൽ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല എന്ന പേരിലേക്ക് അവസാന നിമിഷം മാറ്റിയെങ്കിലും ശില്പശാലയിൽ നടന്ന പവർ പോയിൻറ് പ്രസന്റേഷനുകളിൽ ബിജെപി ക്രിസ്ത്യൻ ഔട്ട്റീച്ച് എന്ന് വ്യക്തമാക്കിയായിരുന്നു ചർച്ചകൾ. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിർത്താൻ സഭാ അടിസ്ഥാനത്തിൽ നേതാക്കൾക്ക് ചുമതല നൽകി.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് താഴെത്തട്ടിലേക്ക് വരെ ക്രിസ്ത്യൻ ഔട്ട് റീച്ച് വ്യാപിപ്പിക്കും. നിലവിലെ അഞ്ചംഗ ജില്ലാ കമ്മിറ്റികളെ 30 അംഗ കമ്മിറ്റികളായി വിപുലീകരിക്കും. പിന്നാലെ മണ്ഡലം – ഏരിയ പഞ്ചായത്ത് – തലങ്ങളിലും ക്രിസ്ത്യൻ ഔട്ട് റീച്ച് കമ്മിറ്റി രൂപീകരിക്കും. ക്രിസ്ത്യൻ ഔട്ട് റീച്ച് ചിലവുകൾക്കായി ഒരു കോടി രൂപ യുദ്ധകാല അടിസ്ഥാനത്തിൽ പാർട്ടി മാറ്റിവെച്ചു.
Be the first to comment