തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം നേതാവും മന്ത്രിയുമായ വി ശിവന്‍കുട്ടി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്ത് മത്സരിക്കട്ടെ. രാഷ്ട്രീയ സാഹചര്യം മാറിയെങ്കിലും ബിജെപി നേമത്ത് ജയിക്കില്ലെന്നും കേരളത്തില്‍ ഇടതുമുന്നണിയും പി ആര്‍ ഏജന്‍സികളും തമ്മിലാണ് തെരഞ്ഞെടുപ്പ് പോരാട്ടമെന്നും ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
‘നേമം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് ശരിയായ വിശദീകരണം. അത് തന്നെയാണ് എന്റേയും അഭിപ്രായം. വിജയവും തോല്‍വിയുമല്ലല്ലോ ചര്‍ച്ച ചെയ്യുന്നത്. എന്റെ സ്ഥാനാര്‍ഥിത്വമാണ് ചര്‍ച്ച ചെയ്യുന്നത്. ഞാന്‍ തൃശൂരില്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു. തുടര്‍ന്ന് ഞാന്‍ എന്റെ വിശദീകരണം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി സെക്രട്ടറിയും വിശദീകരണം നല്‍കി. പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണമാണ് എന്റെയും അഭിപ്രായം. നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മത്സരിക്കട്ടെ. അദ്ദേഹത്തിന് 140 മണ്ഡലങ്ങളിലും മത്സരിക്കാനുള്ള അവകാശമുണ്ടല്ലോ. ബിജെപിയുടെ അക്കൗണ്ട് നേമത്ത് ക്ലോസ് ചെയ്തു. ഇത് ഇനി വീണ്ടും ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയില്ല. രാഷ്ട്രീയ സാഹചര്യം മാറിയെങ്കിലും നേമത്ത് ബിജെപി അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പ്രയാസമാണ്.’- ശിവന്‍കുട്ടി പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് എത്രത്തോളം അകലെയാണ് എന്നതിന്റെ തെളിവാണ് കെപിസിസി ക്യാമ്പില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകളെന്നും വി ശിവന്‍കുട്ടി പറഞ്ഞു. യുഡിഎഫ് എന്നത് ഒരു രാഷ്ട്രീയ മുന്നണി എന്നതില്‍ നിന്നും മാറി വെറുമൊരു ‘പിആര്‍ മുന്നണി’ ആയി അധഃപതിച്ചിരിക്കുകയാണ്. കോടികള്‍ മുടക്കി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ക്ക് പോലും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് സമ്മതിക്കേണ്ടി വന്നിരിക്കുന്നു. എന്നാല്‍, അത് അംഗീകരിക്കാന്‍ മടിയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വന്തം പിഴവുകള്‍ മറച്ചുവെക്കാന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് തിരുത്തിക്കുകയാണ്. ഇത് തികച്ചും പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന് അവരുടെ ഏജന്‍സി തന്നെ പറയുമ്പോള്‍, അത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരോക്ഷമായ അംഗീകാരമാണ്. പണം കൊടുത്തു വാങ്ങിയ ഉപദേശകര്‍ക്ക് പോലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനകീയ അടിത്തറയും മികവും ബോധ്യപ്പെട്ടിരിക്കുന്നു, പക്ഷേ പ്രതിപക്ഷ നേതാക്കള്‍ക്ക് മാത്രം അത് മനസിലാകുന്നില്ല. ജനങ്ങളിലല്ല, മറിച്ച് പിആര്‍ ഏജന്‍സികളിലാണ് യുഡിഎഫ് വിശ്വസിക്കുന്നത്. സത്യസന്ധമായ റിപ്പോര്‍ട്ടുകളെ ഭയക്കുന്നവര്‍ക്ക് എങ്ങനെയാണ് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുക? ഭരണവിരുദ്ധ വികാരമുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച് അണികളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. പിആര്‍ ഏജന്‍സികളെ ഉപയോഗിച്ച് കൃത്രിമമായ തരംഗം സൃഷ്ടിക്കാമെന്നത് കോണ്‍ഗ്രസിന്റെ വ്യാമോഹമാണ്. എല്‍ഡിഎഫ് ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം പാളയത്തിലെ പാളിച്ചകള്‍ തിരിച്ചറിയാന്‍ കഴിയാത്തവര്‍ക്ക് നാടിനെ നയിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ക്യാമ്പിലെ സംഭവങ്ങള്‍ വ്യക്തമാക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി



Be the first to comment