കൊച്ചി: ലൈംഗികാധിക്ഷേപക്കേസില്‍ അറസ്റ്റിലായ ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി. തെറ്റൊന്നും ചെയ്തിട്ടില്ലല്ലോയെന്ന് ബോബി ചെമ്മണൂര്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ നിന്നും പുറത്തിറക്കിയപ്പോള്‍ മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 2 ലാണ് ബോബി ചെമ്മണൂരിനെ ഹാജരാക്കിയത്.
ബോബി ചെമ്മണൂരിനു വേണ്ടി അഡ്വ. ബി രാമന്‍പിള്ള ഹാജരാകും. ജാമ്യം അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുക. അതേസമയം ബോബി ചെമ്മണൂരിനെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെടാനാണ് പൊലീസിന്റെ തീരുമാനം. നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണൂരിനെതിരെ നിരവധി തെളിവുകൾ ലഭിച്ചുവെന്ന് കൊച്ചി സെൻട്രൽ എസിപി കെ ജയകുമാർ പറഞ്ഞു.
ബോബി ചെമ്മണൂരിനെതിരെ ഡിജിറ്റൽ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ബോബി ചെമ്മണൂരിൻ്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹണിറോസിൻ്റെ പരാതി സിനിമാ പ്രചാരണം ലക്ഷ്യമിട്ടല്ല. ബോബി ചെമ്മണ്ണൂരിനെതിരെ കൂടുതൽ വകുപ്പുകൾ പരിഗണനയിലുണ്ട്. ഹണിറോസിന്റെ രഹസ്യമൊഴി കൂടി പരിശോധിച്ചാകും തുടർനടപടിയെന്നും എസിപി ജയകുമാർ പറഞ്ഞു. ഹണിറോസിനെതിരെ ലൈംഗിക അധിക്ഷേപം നടത്തിയതിന് ഇന്നലെ രാവിലെയാണ് ബോബി ചെമ്മണൂരിനെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്.
boby


Be the first to comment