കുളിച്ചാലും ആളുകള്‍ വൃത്തിയാക്കാന്‍ അത്ര ശ്രമിക്കാത്ത ശരീരഭാഗങ്ങള്‍

ശരീരം വൃത്തിയാക്കുന്നതിനായി മിക്ക ആളുകളും ദിവസത്തില്‍ ഒരു നേരമെങ്കിലും കുളിക്കാറുണ്ട് അല്ലേ?. ഇങ്ങനെ കുളിച്ചിട്ടെന്താ കാര്യം ശരീരം വൃത്തിയാകുന്നുണ്ടോ എന്ന് ചിന്തിക്കാറുണ്ടോ? വെളളവും സോപ്പും ഉപയോഗിച്ച് കഴുകുമ്പോഴും പലരുടെയും കാര്യത്തില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും വൃത്തിയാകുന്നില്ല എന്നതാണ് വാസ്തവം. നിങ്ങളുടെ ശരീരത്തില്‍ വിയര്‍പ്പ്, എണ്ണ, മൃതകോശങ്ങള്‍, സൂക്ഷ്മാണുക്കള്‍ എന്നിവ അടിഞ്ഞുകൂടുന്ന ഭാഗങ്ങള്‍ മറ്റ് ഭാഗങ്ങളേക്കാള്‍ ശ്രദ്ധയോടെ വൃത്തിയാക്കേണ്ടതുണ്ട്.അത്തരത്തില്‍ ശ്രദ്ധയോടെ വൃത്തിയാക്കേണ്ട ഭാഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

തലയോട്ടി

തലയോട്ടിയില്‍നിന്നാണ് വൃത്തിയാക്കല്‍ തുടങ്ങേണ്ടത്. പല ആളുകളും ഷാംപൂ ഉപയോഗിച്ച് തല കഴുകാറുണ്ടെങ്കിലും തലയോട്ടി നന്നായി വൃത്തിയാക്കാറില്ല. ഫോളിക്കിളുകള്‍ക്ക് സമീപം അവശിഷ്ടങ്ങള്‍ കൂടികിടക്കുന്നതിനാല്‍ ചൊറിച്ചിലും താരനും കൊണ്ട് കഷ്ടപ്പെടുകയും ചെയ്യും. തലയോട്ടി പതുക്കെ ഉരച്ച് കഴുകി വൃത്തിയാക്കുന്നത് തലയോട്ടിയിലെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു.

ചെവികള്‍ക്ക് പിന്നിലുള്ള ഇടം

ദൈനം ദിന ജീവിതത്തില്‍ എന്നും കുളിക്കുന്നവരായാല്‍ക്കൂടി ചെവിക്ക് പിന്നില്‍ വൃത്തിയാക്കാന്‍ മറക്കുന്നവരാണ് പലരും. വിയര്‍പ്പും പ്രകൃതിദത്ത എണ്ണകളും ദിവസംമുഴുവന്‍ അവിടെത്തന്നെ അടിഞ്ഞുകൂടി ഓക്‌സീകരിക്കപ്പെടുന്നു.ഈ ഭാഗത്ത് അസുഖകരമായ ഒരു ഗന്ധവും ഉണ്ടാകും.

കഴുത്ത്

നിങ്ങളുടെ കഴുത്തില്‍ നിങ്ങള്‍ വിചാരിക്കുന്നതിലും കൂടുതല്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ദിവസം മുഴുവന്‍ പുറത്തുകൂടി നടക്കുമ്പോള്‍ കഴുത്തില്‍ പൊടിയും വിയര്‍പ്പും അടിഞ്ഞുകൂടുന്നു.ഈ അഴുക്കിന്റെ പാളി ശ്രദ്ധിക്കപ്പെടാതെ പോകുകയും ദുര്‍ഗന്ധവും അണുക്കളും വര്‍ധിക്കുകയും ചെയ്യുന്നു.

കക്ഷങ്ങള്‍

കക്ഷങ്ങള്‍ക്ക് ദിവസവുമുളള ശ്രദ്ധ ആവശ്യമാണ്. സോപ്പ് തേച്ച് വൃത്തിയാക്കുന്നത് ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കുന്നില്ല. കക്ഷങ്ങളില്‍നിന്ന് അഴുക്ക് നീക്കം ചെയ്യുന്ന ഒരു സ്‌ക്രബ് ഉപയോഗിക്കാവുന്നതാണ്.

പൊക്കിളിന്റെ ഭാഗം

പൊക്കിള്‍ വലിപ്പത്തില്‍ ചെറുതാണെങ്കിലും വിയര്‍പ്പും ചര്‍മ്മത്തിലെ മൃതകോശങ്ങളും ഒരു പോക്കറ്റിലെന്നപോലെയാണ് ഇവിടെ അടിഞ്ഞുകൂടുന്നത്. സാധാരണയായി ഇത് ശ്രദ്ധിക്കപ്പെടാറില്ല. വൃത്തിയാക്കാതെവച്ചാല്‍ ദുര്‍ഗന്ധവും ചൊറിച്ചിലും ഉണ്ടാക്കുകയും ചെയ്യും.

കാല്‍വിരലുകള്‍ക്കിടയില്‍

പലപ്പോഴും പലരും മറന്നുപോകുന്ന കാര്യമാണ് കുളിക്കുമ്പോള്‍ കാല്‍വിരലുകള്‍ക്കിടയില്‍ വൃത്തിയാക്കാന്‍ മടിക്കുന്നത്. കാല്‍വിരലുകള്‍ക്കിടയിലും ഉപ്പൂറ്റിയിലും ധാരാളം അഴുക്ക് അടിഞ്ഞുകൂടാറുണ്ട്. സോക്‌സിലും ഷൂവിലും മണിക്കൂറുകളോളം ഇത് കൂടുങ്ങി കിടക്കുന്നതുകൊണ്ട് ഫംഗസുകളുടെ ഇവിടം രോഗാണുക്കളുടെ പ്രജനന കേന്ദ്രങ്ങളാണ്.

Be the first to comment

Leave a Reply

Your email address will not be published.


*