ഓപ്പറേഷന്‍ സിന്ദൂര്‍ പാക്കിസ്താന് ഒപ്പം കോണ്‍ഗ്രസിനും ഞെട്ടല്‍ ഉണ്ടാക്കി എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂര്‍ നടന്നത് കോണ്‍ഗ്രസിലെ പ്രഥമ കുടുംബത്തിന്റേയും ഉറക്കം കെടുത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. നെഹ്‌റു കുടുംബത്തെ ലക്ഷ്യംവച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഗുരുതര ആരോപണം. ബിഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വാചകക്കസര്‍ത്ത് അല്ലാതെ ജനങ്ങള്‍ക്കായി ഒന്നും ചെയ്യാന്‍ ബിജെപിക്കാവില്ലെന്ന് ബിഹാറില്‍ രാഹുല്‍ ഗാന്ധിയും തിരിച്ചടിച്ചു.
ഓപ്പറേഷന്‍ സിന്ധൂര്‍ ഇത്തവണയും കോണ്‍ഗ്രസിനെതിരെ ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുല്‍ ഗാന്ധിയും തേജസ്സി യാദവും ജംഗിള്‍ രാജിന് ആയാണ് വോട്ട് തേടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ട്രംപിനെയും ബിസിനസ്സുകാരെയും ആണ് മോദിക്ക് പേടിയെന്ന് രാഹുല്‍ ഗാന്ധിയും തിരിച്ചടിച്ചു.
ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുകയാണ്. ബെഗുസരായിലെ ഒരു കുളത്തില്‍ ഇറങ്ങി പരമ്പരാഗത മീന്‍പിടുത്തം നടത്തുന്നവരോടൊപ്പവും രാഹുല്‍ ചേര്‍ന്നു.മൊക്കാമയില്‍ ജന്‍ സുരാജ് നേതാവ് ദുലാര്‍ ചന്ദ് യാദവ് കൊല്ലപ്പെട്ട സംഭവത്തില്‍ അര്‍ദ്ധരാത്രിയോടെ ജെഡിയു സ്ഥാനാര്‍ഥി ആനന്ദ് സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രമസമാധാന നില തകര്‍ന്നതില്‍ നിതീഷ് കുമാര്‍ സര്‍ക്കാറിന് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്ന് സച്ചിന്‍ പൈലറ്റ് പറഞ്ഞു. സംഘര്‍ഷങ്ങളുടെ പേരില്‍ എസ് പി അടക്കം ഉദ്യോഗസ്ഥരെ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.



Be the first to comment