കോട്ടയം തിരുവഞ്ചൂരിനടുത്ത് മന്ത്രവാദത്തിനിടെ യുവതിയെ ക്രൂര പീഡനങ്ങൾക്ക് വിധേയമാക്കിയ സംഭവത്തിൽ മുഖ്യപ്രതി യുവതിയുടെ ആൺസുഹൃത്ത് അഖിലിന്റെ മാതാവ് സൗമിനിയെന്ന് പോലീസ്. പൂജ നടത്താൻ പ്രേരിപ്പിച്ചതും മന്ത്രവാദിയെ കൊണ്ടുവന്നതും സൗമിനിയാണെന്ന് പോലീസ് പറയുന്നു. സൗമിനിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യും. പൂജ ചെയ്യുന്നതിന് വേണ്ടി മന്ത്രവാദിക്ക് 6000 രൂപ നൽകിയതായും കണ്ടെത്തി.
അഖിലും യുവതിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം ബാധ കയറിയതാണെന്ന് പറഞ്ഞ് പൂജാരിയെ സമീപിച്ചിരുന്നത് സൗമിനിയായിരുന്നു. വീട്ടില്‍ പണം ഇല്ലാതാകുമ്പോള്‍ പോലും പരിഹാരം തേടി മന്ത്രവാദിയെ സൗമിനി വിളിച്ചിരുന്നു. സൗമിനിക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
ആഭിചാരക്രിയ നടത്തിയ സംഭവത്തിൽ തെളിവ് ശേഖരിച്ചത് യുവതി തന്നെയാണ്. സംഭവത്തിനുശേഷം തിരിച്ചു വീട്ടിൽ എത്തിയാണ് വീഡിയോ ദൃശ്യങ്ങൾ അടക്കം ശേഖരിച്ചത്. സഹോദരിയുടെ പക്കൽ നിന്നുമാണ് വീഡിയോ ദൃശ്യങ്ങൾ വാങ്ങിയത്. മറ്റ് തെളിവുകളും ശേഖരിച്ച ശേഷം പിതാവിനോട് കാര്യങ്ങൾ വെളിപ്പെടുത്തുയായിരുന്നു. തുടർന്ന് ഈ തെളിവുകൾ അച്ഛൻ മുഖേന പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
കേസിൽ ഓരോ പ്രതികളുടെയും പങ്ക് വ്യക്തമാകുന്നതിനായി വീഡിയോ ദൃശ്യങ്ങളിലെ സംഭാഷണം അടക്കം പരിശോധിച്ചുവരികയാണ് പോലീസ്. മൂന്ന് പോരാണ് സംഭവത്തിൽ അറസ്റ്റിലായിട്ടുള്ളത്. ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ടുപേർക്ക് ഉള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.



Be the first to comment