
പ്രായമാകുന്തോറും മനസിനെ ഉന്മേഷത്തോടെ നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. വൈജ്ഞാനിക പ്രവർത്തനം, മൊത്തത്തിലുള്ള തലച്ചോറിന്‍റെ ആരോഗ്യം എന്നിവയെ പിന്തുണയ്ക്കാൻ ഇത് സഹായിക്കും. തലച്ചോർ പ്രവർത്തിപ്പിക്കുന്നതിന് അനുസരിച്ച് അത് ശക്തവും മൂർച്ഛയേറിയതുമായി നിലനിർത്താൻ സാധിക്കും. പ്രായം 60 കടക്കുമ്പോൾ ഓർമശക്തി, ശ്രദ്ധ, മാനസിക വ്യക്തത എന്നിവ മന്ദഗതിയിലാകാറുണ്ട്. എന്നാൽ വാർദ്ധക്യ കാലത്തെ ഇത്തരം അവസ്ഥകൾ തടയാനും വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്താനും മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കാനും ചില കാര്യങ്ങൾ ചെയ്യേണ്ടത് അത്യാവശ്യമാണ്. തലച്ചോറിനെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന 5 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുക
പുതിയ കാര്യങ്ങൾ പഠിക്കുന്നത് നിങ്ങളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കുകയും പുതിയ നാഡീ പാതകൾ സൃഷ്‌ടിക്കാൻ സഹായിക്കുകയും ചെയ്യും. ഇതിലൂടെ ഓർമ്മശക്തി, വൈജ്ഞാനിക കഴിവുകൾ എന്നിവ മെച്ചപ്പെടുത്താൻ ഗുണം ചെയ്യും. പുതിയ ഹോബികൾ തെരഞ്ഞെടുക്കുകയോ സംഗീതം, ചിത്ര രചന എന്നിവ പഠിക്കുകയോ പുതിയ പാചകക്കുറിപ്പ് പരീക്ഷിക്കുകയോ ഭാഷ പഠിക്കുകയോ ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ നാഡീ പാതകളെ സജീവവും ആകർഷകവുമായി നിലനിർത്താനും സഹായിക്കും.
ബ്രെയിൻ ഗെയിമുകൾ
ക്രോസ്‌വേഡ്, സുഡോകു, ജിഗ്‌സോ തുടങ്ങിയ പസിൽ ഗെയിമുകളിലും ചെസ്, ചെക്കറുകൾ, ചില വീഡിയോ ഗെയിമുകൾ എന്നിവയിലും പതിവായി ഏർപ്പെടുന്നത് തലച്ചോറിലെ പ്രശ്‌ന പരിഹാര മേഖലകളെ സജീവമാക്കും. മാത്രമല്ല ഓർമ്മശക്തി, യുക്തിസഹജമായ ചിന്ത എന്നിവ മെച്ചപ്പെടുത്താനും ഇത് ഫലം ചെയ്യും. അതിനാൽ ദിവസേന 15 മുതൽ 30 മിനിറ്റ് നേരം ഇത്തരം ഗെയിമുകൾക്കായി മാറ്റിവയ്ക്കാം.
ധ്യാനം
പതിയായി ധ്യാനത്തിൽ ഏർപ്പെടുന്നത് മനസിന്‍റെ ആരോഗ്യം നിലനിർത്താൻ വളരെയധികം സഹായിക്കും. ഓർമ്മശക്തി, ശ്രദ്ധ, വൈകാരിക നിയന്ത്രണം, മാനസിക വ്യക്തത എന്നിവ മെച്ചപ്പെടുത്താൻ ഇത് ഗുണകരമാണ്. സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത വർധിപ്പിക്കാനും ഇത് ഉപകരിക്കും. അതിനാൽ ദിവസവും രാവിലെ 20 മിനിറ്റെങ്കിലും ധ്യാനത്തിൽ ഏർപ്പെടുക.
സ്വാധീനം കുറഞ്ഞ കൈ ഉപയോഗിക്കാം
ആദിപത്യമില്ലാത്ത കൈകൾ ഉപയോഗിച്ച് ദിനചര്യകൾ ചെയ്യാം. അതായത് വലത് കൈക്കാണ് സ്വാധീനം കൂടുതലുള്ളതെങ്കിൽ ഇടത് കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുകയോ എഴുതുകയോ പല്ല് തേക്കുകയോ ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് തലച്ചോറിനെ ഉത്തേജിപ്പിക്കാനും നാഡീ ബന്ധങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കും.
വ്യായാമം
ശരീരത്തിന്‍റെ ആരോഗ്യത്തിന് മാത്രമല്ല മനസികാരോഗ്യത്തിനും വ്യായാമത്തിന്‍റെ പങ്ക് വളരെ വലുതാണ്. പതിവായി എയറോബിക് വ്യായാമം ചെയ്യുന്നതിലൂടെ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും വൈജ്ഞാനിക തകർച്ച കുറയ്ക്കുകയും ചെയ്യും. ഓർമശക്തി, പഠന ശേഷി എന്നിവ വർധിപ്പിക്കാനും ഇത് ഫലപ്രദമാണ്. അതിനാൽ ദിവസേന കുറഞ്ഞത് 20 മുതൽ 30 മിനിറ്റെങ്കിലും നടത്തം, നീന്തൽ, നൃത്തം, യോഗ തുടങ്ങിയ ശാരീരിരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
Be the first to comment