ഇടുക്കി: പൊതുവിപണിയില്‍ ഇറച്ചിക്കോഴി വില കുതിക്കുന്നു. നിലവിൽ 160 രൂപയ്‌ക്ക് അടുത്താണ് ഒട്ടുമിക്ക ഇടങ്ങളിലും ഇറച്ചിക്കോഴിയുടെ വില്‍പ്പന വില. ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി ഇറച്ചിക്കോഴിയുടെ ആവശ്യകത വര്‍ധിച്ചതോടെയാണ് വിപണിയില്‍ കോഴി വില കുതിച്ചുയര്‍ന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കിടയിലാണ് ഇറച്ചിക്കോഴിയുടെ വിലയില്‍ വര്‍ധനവുണ്ടായത്. രണ്ടാഴ്ച്ചക്കാലം കൊണ്ട് 30 രൂപക്ക് മുകളിലാണ് ഇറച്ചിക്കോഴിക്ക് വിപണിയില്‍ വില വര്‍ധനവ് ഉണ്ടായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. വിലയില്‍ ഇനിയും വര്‍ധനവുണ്ടായേക്കാം എന്നാണ് വ്യാപാരികള്‍ പറയുന്നത്. നാളുകള്‍ക്ക് മുമ്പ് സമാന രീതിയില്‍ ഇറച്ചിക്കോഴിയുടെ വില കുതിച്ചുയരുകയും സാധാരണക്കാര്‍ക്കും ഹോട്ടല്‍ മേഖലയ്‌ക്കും വില വര്‍ധനവ് തിരിച്ചടിയായി തീരുകയും ചെയ്‌തിരുന്നു.
പിന്നീട് വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. അയല്‍ ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമൊക്കെയാണ് ഹൈറേഞ്ചിലേക്കാവശ്യമായ ഇറച്ചിക്കോഴി വില്‍പ്പനക്കെത്തുന്നത്. കോഴിത്തീറ്റയുടെ വില വര്‍ധനവ് അടക്കമുള്ള കാര്യങ്ങള്‍കൊണ്ട് കര്‍ഷകര്‍ പലരും ഇറച്ചി കോഴിവളര്‍ത്തലും മറ്റും നിർത്തിയിരുന്നു. കോഴി വില വീണ്ടും മേലോട്ട് ഉയരുന്നത് സാധാരണകാര്‍ക്കും ഒപ്പം ഹോട്ടല്‍ മേഖലയ്‌ക്കും അധിക സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് മറ്റൊരു ആശങ്ക.
കേരളം, ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെല്ലാം ഇറച്ചിക്കോഴിയുടെ ലഭ്യത കുറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വില്‍പ്പനക്കായി ഇറച്ചിക്കോഴി എത്തുന്നത്. കേരളത്തിലെ ചില ഫാമുകളില്‍ നിന്നും വില്‍പ്പനക്കായി വ്യാപാരികള്‍ കോഴി വാങ്ങുന്നുണ്ട്. വില കുത്തനെ ഉയര്‍ന്നതോടെ തീന്മേശകളില്‍ കോഴി വിഭവങ്ങള്‍ എത്തിക്കണമെങ്കിൽ ആളുകള്‍ അധിക തുക മുടക്കേണ്ടി വരുന്നു.
തമിഴ്‌നാട്ടിൽ പ്രതിഷേധം: തമിഴ്‌നാട്ടിലെ പൗൾട്രി ഫാമുകൾക്കായി കോഴികളെ വളർത്തി നൽകുന്ന കർഷകർ സമരത്തിലേക്ക് എന്ന വാർത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേൾക്കുന്നത്. കോഴി വളർത്തലിനുള്ള പ്രതിഫലം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ സമരത്തിന് ആഹ്വാനം ചെയ്‌തത്. ജനുവരി ഒന്ന് മുതൽ സമരവുമായി മുന്നോട്ട് പോകാനാണ് കർഷകരുടെ തീരുമാനം.
കഴിഞ്ഞ ദിവസം കോയമ്പത്തൂരിലെ അന്നൂരിൽ നടന്ന യോഗത്തിലാണ് തീരുമാനം. പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സർക്കാർ ത്രികക്ഷി യോഗം വിളിക്കാത്തപക്ഷം സമരവുമായി മുന്നോട്ടുപോകുമെന്ന് കർഷകർ വ്യക്തമാക്കി.
കോഴിയിറച്ചിക്കും മുട്ടയ്‌ക്കും നിരോധനം:
പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധയിടങ്ങളിൽ വളര്‍ത്ത് പക്ഷികളുടെ മുട്ട, ഇറച്ചി, പക്ഷി ഉത്‌പന്നങ്ങൾ എന്നിവയുടെ വിപണനവും ഉപയോഗവും നിരോധിച്ച് ജില്ലാ കലക്‌ടർ. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പഞ്ചായത്തുകളിൽ വിവിധ പ്രദേശങ്ങളിലായി പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകൾ സർവയലൻസ് സോണിൽ ഉൾപ്പെടുന്നു.
അതിനാൽ ഇവിടെ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, ഫ്രോസൺമീറ്റ്, മറ്റ് പക്ഷി ഉത്‌പന്നങ്ങൾ, കാഷ്‌ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും താത്‌കാലികമായി നിരോധിച്ചു എന്നതാണ് ഉത്തരവ്.



Be the first to comment