ന്യൂയോർക്ക്: ഇന്ത്യയുടെ മൂന്ന് പുരാതന വെങ്കല ശിൽപങ്ങൾ തിരികെ നൽകാൻ ഒരുങ്ങി അമേരിക്ക. ചോള കാലഘട്ടത്തിലെ ‘ശിവ നടരാജ’ ശിൽപം, പന്ത്രണ്ടാം നൂറ്റാണ്ടിലെ ‘സോമസ്കന്ദ’, പതിനാറാം നൂറ്റാണ്ടിലെ ‘പറവൈ സഹിത സുന്ദരർ’ എന്നീ ശിൽപങ്ങള് തിരികെ നൽകും.
ഉറവിട ഗവേഷണത്തെത്തുടർന്ന്, മൂന്ന് ശിൽപങ്ങൾ ഇന്ത്യാ സർക്കാരിന് തിരികെ നൽകാൻ തീരുമാനിക്കുക ആയിരുന്നുവെന്ന് അമേരിക്കയിലെ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്സ് അറിയിച്ചു. നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്സ് ടീമിൻ്റേയും ദക്ഷിണ, തെക്കുകിഴക്കൻ ഏഷ്യൻ കലകളുടെ ക്യൂറേറ്റർമാരുടേയും ശ്രമഫലമായാണ് ശിൽപങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചു നൽകാൻ തീരുമാനമായതെന്നും അധികൃതർ അറിയിച്ചു.
ദക്ഷിണേന്ത്യയിലെ സമ്പന്നമായ കലാവൈഭവത്തെ ഈ ശിൽപങ്ങൾ എടുത്തു കാണിക്കുന്നു. ക്ഷേത്ര ഘോഷയാത്രകളിൽ പരമ്പരാഗതമായി കൊണ്ടുവരുന്ന പവിത്ര വസ്തുക്കളാണ് ഇവ. ഇന്ത്യൻ സർക്കാർ ‘ശിവ നടരാജ’ ശിൽപം ദീർഘകാല വായ്പയ്ക്ക് നൽകാൻ സമ്മതിച്ചതായി മ്യൂസിയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കരാർ ഒപ്പിടുന്നതിനുള്ള ക്രമീകരണങ്ങൾ അന്തിമമാക്കുന്നതിനായി മ്യൂസിയവും ഇന്ത്യൻ എംബസിയും അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
അമേരിക്കയിൽ എക്സിബിഷനുകളിൽ ശിൽപങ്ങൾ പ്രദർശിപ്പിക്കും.’ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ഹിമാലയം എന്നിവിടങ്ങളിലെ കലാ പാരമ്പര്യത്തെ ലോക ജനയതയ്ക്ക് മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു.
2023-ൽ, ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരിയുടെ ഫോട്ടോ ആർക്കൈവ്സുമായി സഹകരിച്ച്, 1956 നും 1959 നും ഇടയിൽ ഇന്ത്യയിലെ തമിഴ്നാട്ടിലെ ക്ഷേത്രങ്ങളിൽ നിന്ന് വെങ്കലങ്ങളുടെ ഫോട്ടോ എടുത്തിട്ടുണ്ടെന്ന് മ്യൂസിയം ഗവേഷകർ സ്ഥിരീകരിച്ചു. തുടർന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ കണ്ടെത്തലുകൾ പരിശോധിക്കുകയും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചാണ് ശിൽപങ്ങൾ നീക്കം ചെയ്തതെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
“സാംസ്കാരിക പൈതൃകം ഉത്തരവാദിത്തത്തോടെ പരിപാലിക്കുന്നതിനും ഞങ്ങളുടെ ശേഖരത്തിൽ സുതാര്യത ഉറപ്പുവരുത്തുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങളുടെ ശേഖരത്തിലുള്ള വസ്തുക്കളെ പൂർണമായി തിരിച്ചറിയാൻ ശ്രമിക്കുന്നതോടൊപ്പം അവ മ്യൂസിയത്തിൽ എങ്ങനെ എത്തി, അവയുടെ ഉത്ഭവത്തിൻ്റേയും ചലനങ്ങളുടെയും ചരിത്രം തുടങ്ങിയവ കണ്ടെത്താനായി ഒരു ഗവേഷണ പരിപാടിയും നടത്തുന്നു” – നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് ഡയറക്ടർ ചേസ് റോബിൻസൺ പറഞ്ഞു.
സന്ദർശകരുടെ പ്രയോജനത്തിനായി ശിവ നടരാജനെ തുടർന്നും പ്രദർശിപ്പിക്കാൻ മ്യൂസിയത്തിന് അനുമതി നൽകിയ ഇന്ത്യൻ സർക്കാരിനോട് നന്ദി പറയുന്നുവെന്നും റോബിൻസൺ പറഞ്ഞു.
ശിവ നടരാജ
തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ തിരുട്ടുറൈപ്പുണ്ടി താലൂക്കിലെ ശ്രീ ഭവ ഔഷധേശ്വര ക്ഷേത്രത്തിലെ ശിൽപമാണ് ‘ശിവ നടരാജ’. 1957ൽ ഇവിടെവച്ച് എടുത്ത ശിൽപത്തിൻ്റെ ഒരു ഫോട്ടോയുമുണ്ട്. 1957-ൽ ക്ഷേത്രത്തിൽ ശിൽപത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ഫോട്ടോഗ്രാഫിക് തെളിവുകൾക്ക് പുറമേ, മ്യൂസിയത്തിലെ ഒരു ഉറവിട ഗവേഷകൻ ഡോറിസ് വീനർ ഗാലറി മ്യൂസിയത്തിന് ശിൽപങ്ങൾ വിൽക്കാൻ വ്യാജ രേഖകൾ നൽകിയിട്ടുണ്ടെന്നും കണ്ടെത്തി.
2002-ൽ ന്യൂയോർക്കിലെ ഡോറിസ് വീനർ ഗാലറിയിൽ നിന്ന് നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ട് ഈ വെങ്കല ശിൽപം ഏറ്റെടുത്തു. 1987-ൽ ‘സോമസ്കന്ദ’വും ‘പറവൈ സഹിത സുന്ദരറും’ നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്ടിൻ്റെ ശേഖരത്തിൽ ഉൾപ്പെടുത്തി.
‘സോമസ്കന്ദ’യും ‘പറവൈ സഹിത സുന്ദരറും’
പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോട്ടോ ആർക്കൈവ്സിലെ മ്യൂസിയം സംഘത്തിൻ്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ, 1959-ൽ തമിഴ്നാട്ടിലെ മണ്ണാർകുടി താലൂക്കിലെ ആലത്തൂർ ഗ്രാമത്തിലെ വിശ്വനാഥ ക്ഷേത്രത്തിൽ നിന്ന് ‘സോമസ്കന്ദ’യുടെ ഫോട്ടോയും 1956-ൽ തമിഴ്നാട്ടിലെ കല്ലക്കുറുച്ചി താലൂക്കിലെ വീരസോലപുരം ഗ്രാമത്തിലെ ശിവക്ഷേത്രത്തിൽ നിന്ന് ‘പറവൈ സഹിത സുന്ദരർ’ എന്ന ചിത്രവും എടുത്തതായി സ്ഥിരീകരിച്ചു.
നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്സ്
അമേരിക്കയിലെ ആദ്യത്തെ ദേശീയ കലാ മ്യൂസിയവും അമേരിക്കയിലെ ആദ്യത്തെ ഏഷ്യൻ കലാ മ്യൂസിയവുമാണ് നാഷണൽ മ്യൂസിയം ഓഫ് ഏഷ്യൻ ആർട്സ്. 1923 ലാണ് മ്യൂസിയം ആരംഭിച്ചത്. ഇപ്പോൾ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏഷ്യൻ കലാസമാഹാരങ്ങളിലൊന്നാണിത്. പുരാതനകാലം മുതൽ ഇന്നുവരെയുള്ള ചൈന, ജപ്പാൻ, കൊറിയ, ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവ ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള കൃതികളും ഇവിടെയുണ്ട്.



Be the first to comment