പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം. കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. അഴിമതി രഹിത ഭരണം യാഥാർഥ്യമാക്കിയ സർക്കാരെന്ന് ദ്രൗപദി മുർമു. പത്ത് വർഷത്തിനിടെ രാജ്യത്ത് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും മുക്തരായെന്നും അവകാശവാദം.
നാലു കോടി വീടുകൾ നിർമ്മിച്ച് നൽകി. പന്ത്രണ്ടര കോടി ജനങ്ങൾക്ക് കുടിവെള്ളം ലഭിച്ചു. ഇന്ന് രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലേക്കും റോഡുകൾ എത്തിച്ചു. പത്തുകോടിയിലധികം പേർക്ക് എൽപിജി കണക്ഷൻ ലഭിച്ചു. ഇന്ന് നൂറിലധികം രാജ്യങ്ങൾ ഇന്ത്യയിൽ നിന്നു ഇലക്ട്രിക് വാഹനങ്ങൾ കയറ്റുമതി ചെയ്യുന്നു.
അഴിമതിയും കോഴയും ഇല്ലാത്ത ഭരണം സൃഷ്ടിക്കുന്നതിൽ സർക്കാർ വിജയിച്ചു. രാജ്യത്തെ ഓരോ രൂപയും ജനങ്ങളുടെ വികസനത്തിനായി വിനിയോഗിക്കുന്നു. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ മെട്രോ നെറ്റ്‌വർക്ക് ആയി മാറി. ഇന്ത്യ അന്താരാഷ്ട്ര സാങ്കേതിക സംവിധാനങ്ങൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര പ്രാകാശ നിലയം നിർമ്മിക്കാനുള്ള യാത്രയിലാണെന്ന് രാഷ്‌ട്രപതി പറഞ്ഞു.
ഇതിനിടെ, ഇന്ത്യയും യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ച് രാഷ്ട്രപതി പരാമർശിച്ചു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്നും കരാർ ഒപ്പുവച്ചതിൽ രാഷ്ട്രപതി ആശംസകൾ അറിയിച്ചു.
അതേസമയം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തിരികെ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ രണ്ടാം തവണയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി വിഷയത്തിൽ പ്രതിപക്ഷം ബഹളം വയ്ക്കുന്നത്. രാഷ്ട്രപതിയുടെ പ്രസംഗം ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചിരുന്നു.



Be the first to comment