
കൊച്ചിൻ കോർപ്പറേഷനിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയുടെ കൈക്കൂലി വരുമാനം മാസം മൂന്നു ലക്ഷം രൂപ. കൈക്കൂലി പണം ഉപയോഗിച്ച് വീടും സ്ഥലവും വാങ്ങിച്ചതായി വിജിലൻസ് കണ്ടെത്തി.
താനാണ് കൊച്ചിൻ കോർപ്പറേഷനിൽ ഏറ്റവും കുറവ് കൈക്കൂലി വാങ്ങുന്നതെന്ന് സ്വപ്ന മൊഴി നൽകി. ബിൽഡിംഗ് ഇൻസ്പെക്ടർമാരും,ഹെൽത്ത് ഇൻസ്പെക്ടർമാരും കൈക്കൂലിക്കാരാണ്. ബിൽഡിംഗ് ഇൻസ്പെക്ടർമാർ കൂട്ടമായി കൈക്കൂലി വാങ്ങി വീതം വെക്കാറുണ്ടെന്നും കൈക്കൂലിക്ക് കൊച്ചിൻ കോർപ്പറേഷനിൽ പ്രത്യേക റേറ്റ് നിലവിൽ ഉണ്ടെന്നും സ്വപ്ന നൽകിയ മൊഴിയിൽ പറയുന്നു.
തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ സ്വപ്നയെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്വപ്നയെ മൂന്നുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചു. കൊച്ചി പൊന്നുരുന്നിയിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് സ്വപ്നയെ വിജിലൻസ് പിടികൂടുന്നത്.
അറസ്റ്റിൽ ആയതിന് പിന്നാലെ തന്നെ സ്വപ്നയെ മേയറിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്‌ത് ഓർഡർ പുറത്തിറക്കിയിരുന്നു.
15,000 രൂപ ആണ് സ്വപ്ന കൈക്കൂലിയായി വാങ്ങിയത്. ഇവരുടെ ബാഗിൽ നിന്ന് 45,000 രൂപയും കണ്ടെത്തി.ഇതും ഒരു ദിവസത്തെ കൈക്കൂലിയായി പിരിച്ച പണം ആണെന്നാണ് വിജിലൻസ് പറയുന്നത്.സ്വപ്നയുടെ സ്വത്തു വിവരങ്ങളെക്കുറിച്ച് വിശദമായ അന്വേഷണത്തിനും വിജിലൻസ് തയ്യാറെടുക്കുകയാണ്.
Be the first to comment