സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ദീര്‍ഘദൂര – ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റ് യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

സമരത്തിന്റെ തീയതി അടുത്ത ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചര്‍ച്ച നടത്തിയ ശേഷമാകും തീയതി പ്രഖ്യാപിക്കുക.

14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്നും ഇപ്പോഴും ഈടാക്കുന്നത്. അതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ചുരൂപയാക്കി വര്‍ധിപ്പിക്കണം. നിസ്സാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു.

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിലുള്ള സമരങ്ങളിലൂടെ മുന്നോട്ടുപോയെങ്കിലും പൊതുഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. അതിനാല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരത്തിന് നിര്‍ബന്ധിതരായിരിക്കുകയാണെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*