ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിന് അംഗീകാരം നല്‍കുന്നത് മന്ത്രിസഭ മാറ്റിവച്ചു

ഭൂപതിവ് നിയമ ഭേദഗതി ചട്ടത്തിന് അംഗീകാരം നല്‍കുന്നത് മന്ത്രിസഭ മാറ്റിവച്ചു. വിഷയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നെങ്കിലും കുറിപ്പ് വിശദമായി പരിശോധിക്കാന്‍ മന്ത്രിമാര്‍ക്ക് സാവകാശം ലഭിക്കാത്തത് കൊണ്ടാണ് തീരുമാനമെടുക്കാതെ മാറ്റിവച്ചത്. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തതും ചട്ട ഭേദഗതിയില്‍ തീരുമാനം എടുക്കുന്നത്
മാറ്റിവെക്കാന്‍ കാരണമായി. 

അടുത്ത മന്ത്രിസഭാ യോഗം ചട്ടത്തിന് അംഗീകാരം നല്‍കും. 2023 സെപ്റ്റംബറിലാണ് ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിയത്. ചട്ടം രൂപീകരിക്കാത്തതിനാല്‍ നിയമം ഇനിയും പ്രാബല്യത്തില്‍ കൊണ്ടുവരാനായിട്ടില്ല.

2023ലെ ഭൂപതിവ് നിയമ ഭേദഗതിയുടെ ചുവട് പിടിച്ചാണ് ചട്ടഭേദഗതി വരുന്നത്. വീട്, കൃഷി, ചെറിയ കട തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പതിച്ച് നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമലംഘനമാണ്. ഇത്തരം നിയമലംഘനങ്ങള്‍ ക്രമവല്‍ക്കരിക്കുന്നതിന് വേണ്ടിയാണ് നിയമ ഭേദഗതി വരുത്തിയത്. ജനങ്ങള്‍ക്ക് നിയമഭേദഗതിയുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ചട്ടം പ്രാബല്യത്തില്‍ വരണം. ഇതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തത്വത്തില്‍ അംഗീകാരം നല്‍കുകയായിരുന്നു. നിയമലംഘനങ്ങള്‍
ക്രമവല്‍ക്കരിക്കുന്നതിന് രണ്ട് ചട്ടങ്ങളാണ് കൊണ്ടുവരുന്നത്.ഭൂപതിവ് നിയമഭേദഗതിയുടെ പ്രാബല്യതീയതി വരെയുള്ള ചട്ടലംഘനങ്ങള്‍ ക്രമീകരിക്കുന്നതിന് ഒരു ചട്ടവും പ്രാബല്യ തീയതിക്ക് ശേഷമുണ്ടാകുന്ന ലംഘനങ്ങള്‍ക്ക് സാധൂകരണം നടത്തുന്നതിന് മറ്റൊരു ചട്ടവുമാണ് കൊണ്ടുവരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*