ബാലറ്റ് പേപ്പര്‍ നല്‍കിയത് ചട്ടവിരുദ്ധമായി, കാലിക്കറ്റ് സര്‍വകലാശാല ഡിഎസ്യു തെരഞ്ഞെടുപ്പ് റദ്ദാക്കി

കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ (ഡിഎസ്യു) തെരഞ്ഞെടുപ്പ് റദ്ദാക്കി വൈസ് ചാന്‍സലര്‍. സീരിയല്‍ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാതെ ബാലറ്റ് പേപ്പര്‍ നല്‍കിയത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎസ്എഫ് സ്ഥാനാര്‍ഥികള്‍ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയുള്ള വിസി ഉത്തരവ്. സിന്‍ഡിക്കേറ്റ് അംഗീകരിച്ച നിയമങ്ങള്‍ക്കനുസൃതമായി അച്ചടിച്ച പുതിയ ബാലറ്റുകള്‍ ഉപയോഗിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിര്‍ദേശം.

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാല ക്യംപസിലെ ഡിഎസ്യു തെരഞ്ഞെടുപ്പ് നടത്തിപ്പിനെക്കുറിച്ചും ടിഎസ്ആര്‍, ഐഇടി, ഐടിഎസ്ആര്‍ എന്നിവിടങ്ങളിലെ ഡിഎസ്യു തെരഞ്ഞെടുപ്പിനെക്കുറിച്ചും അന്വേഷണം നടത്താനും വിസി ഉത്തരവിട്ടു.

വിഷയത്തില്‍ ക്യാംപസിലെ മുതിര്‍ന്ന അധ്യാപകരെ ഉള്‍പ്പെടുത്തി അന്വേഷണസമിതി രൂപവത്കരിച്ചു. തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതിലും അന്വേഷണമുണ്ടാകും. മൂന്നാഴ്ചയ്ക്കുള്ളില്‍ ഈ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനോടകം തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ടിഎസ്ആര്‍, ഐഇടി, ഐടിഎസ്ആര്‍ ക്യാംപസുകളിലെ യൂണിയന്‍ പ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെയ്ക്കാനും വിസി നിര്‍ദേശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കാലിക്കറ്റ് സര്‍വകലാശാല ക്യംപസിലെ ഡിഎസ്യു തിരഞ്ഞെടുപ്പാണ് യുഡിഎസ്എഫ്-എസ്എഫ്ഐ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തെത്തുടര്‍ന്ന് സര്‍വകലാശാല കാമ്പസിലെ പഠനവകുപ്പുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*