കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് കണ്‍വീനര്‍ പിന്മാറി. ചാന്‍സലറുടെ പ്രതിനിധിയായ ഡോ. ഇലവാതിങ്കല്‍ ഡി ജമ്മീസ് ആണ് പിന്മാറിയത്. ഇനി സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസിയുടെ പ്രതിനിധി മാത്രമാണ് അവശേഷിക്കുന്നത്.
കണ്‍വീനറും പിന്മാറിയതോടെ കാലിക്കറ്റ് സര്‍വകലാശാല വിസി നിയമനം കുഴഞ്ഞ് മറിയുകയാണ്. ആദ്യം സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതില്‍ നിന്ന് സര്‍വകലാശാല പ്രതിനിധിയായ എ സാബു പിന്മാറിയിരുന്നു. എന്നാല്‍ അത് കാര്യമാക്കാതെ വി സി നിയമനവുമായി ബന്ധപ്പെട്ട നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ടുപോകുകയാണ് ചെയ്തത്. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെതിരേയും സ്വന്തമായി നോട്ടിഫിക്കേഷന്‍ ഇറക്കിയതിനെതിരേയും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി രാജ്ഭവന്റെ വിശദീകരണം തേടാനിരിക്കുന്നതിനിടെയാണ് നിര്‍ണായക നീക്കമുണ്ടായിരിക്കുന്നത്.
താന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഒരു എക്സ്പേര്‍ട്ട് കമ്മിറ്റി അംഗമാണെന്ന് വിശദീകരിച്ചാണ് ഡോ. ഇലവാതിങ്കല്‍ ഡി ജമ്മീസിന്റെ പിന്മാറ്റം. താന്‍ ഇത്തരം ചുമതലകള്‍ വഹിക്കുന്നതിനിടെ സെര്‍ച്ച് കമ്മിറ്റി അംഗം കൂടിയായാല്‍ അത് വലിയ ആരോപണങ്ങള്‍ക്ക് വഴി വയ്ക്കുമെന്നാണ് ഇദ്ദേഹം രാജ്ഭവനെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് പിന്മാറുന്നുവെന്ന ഇലവാതിങ്കല്‍ ഡി ജമ്മീസിന്റെ ആവശ്യം രാജ്ഭവന് അംഗീകരിക്കുകയായിരുന്നു.



Be the first to comment