നമ്മുടെ മോർണിങ് ഈസി റെസിപ്പിയിലെ ഒരു പ്രധാന ചേരുവയാണ് സ്ട്രോബെറി. വിറ്റാമിൻ സി 100 ശതമാനവും അടങ്ങിയ ഇവ പലരുടെയും പ്രിയപ്പെട്ട പഴമാണ്. എന്നാൽ പ്രമേഹരോഗികളെ സംബന്ധിച്ചിടത്തോളം മധുരമുള്ള പഴങ്ങൾ അൽപം ആശങ്കപ്പെടുത്തുന്നതാണ്. ഇതുകൊണ്ട് തന്നെ സ്ട്രോബെറിയെ പ്രമേഹരോഗികൾ പലപ്പോഴും അകറ്റി നിർത്താറുണ്ട്.
സ്ട്രോബെറി പ്രമേഹ രോഗികൾക്ക് സുരക്ഷിതമാണോ?
മിതമായ അളവിൽ സ്ട്രോബെറി പ്രമേഹരോഗികൾക്ക് അപകടമുണ്ടാക്കില്ല. എന്നാൽ പ്രീ-ഡയബറ്റീസ് അവസ്ഥയുള്ളവരിൽ നടത്തിയൊരു പഠനത്തിൽ സ്ട്രോബെറി ദിവസവും കഴിക്കുന്നത് ആരോഗ്യകരമായ മാറ്റങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, സ്ട്രോബെറിയുടെ ഗ്ലൈസമിക് സൂചിക ഏകദേശം 41 ആണ്. ഇത് പ്രമേഹരോഗികൾക്ക് സുരക്ഷിതമാണ്.
സ്ട്രോബെറിയുടെ ആരോഗ്യഗുണങ്ങൾ
സ്ട്രോബെറിയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ആന്തോസയാനിനുകൾ പോലുള്ള ആന്റിഓക്സിഡന്റുകൾ പ്രമേഹരോഗികൾക്ക് സവിശേഷമായ ഗുണങ്ങൾ നൽകും.
പ്രമേഹരോഗികളിൽ സാധാരണയായി കണ്ടുവരുന്ന ശരീരവീക്കം കുറയ്ക്കാനും സ്ട്രോബെറിയിലെ സംയുക്തങ്ങൾ സഹായിക്കും. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ആന്റിമൈക്രോബിയൽ ഗുണങ്ങളും സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്.
സ്ട്രോബെറിയിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹരോഗികളിൽ കണ്ടുവരാറുള്ള ഹൃദയസംബന്ധമായ രോഗങ്ങൾ തടയാനും രക്തത്തിലെ ഗ്ലൂക്കോസ് നിലസ്ഥിരമായ നിലനിർത്താനും സഹായിക്കും.
പ്രീഡയബറ്റീസ് ഉള്ളവരിൽ പ്രമേഹസാധ്യത കുറയ്ക്കുന്നു
ടൈപ്പ് 2 പ്രമേഹം വരാൻ സാധ്യതയുള്ള വ്യക്തികൾ സ്ഥിരമായി സ്ട്രോബെറി കഴിക്കുന്നത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്ന് ഒക്ലഹോമ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ നടത്തിയ പഠനം കണ്ടെത്തി. ഭക്ഷണക്രമത്തിൽ സ്ട്രോബെറി ഉൾപ്പെടുത്തുന്നത് ഭാവിയിൽ പ്രമേഹരോഗിയാകാനുള്ള സാധ്യത കുറയ്ക്കുന്നു.
സ്ട്രോബെറി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- സ്ട്രോബെറി തനിയെ കഴിക്കുന്നതിനേക്കാൾ നല്ലത് തൈര് നട്സ് അല്ലെങ്കിൽ വിത്തുകൾ എന്നിവയോടൊപ്പം ചേർത്ത് കഴിക്കുന്നതാണ് നല്ലത്.
- വലിയ അളവിൽ പഞ്ചസാര അടങ്ങിയ സ്ട്രോബെറി ഡെസേർട്ടുകൾ പ്രമേഹരോഗികൾ പൂർണമായും ഒഴിവാക്കണം
- സംസ്കരിച്ച സ്ട്രോബെറി ഉൽപന്നങ്ങൾക്ക് പകരം ഫ്രഷ് സ്ട്രോബെറിയോ അല്ലെങ്കിൽ മധുരം ചേർക്കാത്ത ഫ്രോസൺ സ്ട്രോബെറിയോ തെരഞ്ഞെടുക്കുക.



Be the first to comment