കൊതുകിനെ തുരത്താം, രോഗങ്ങളെ അകറ്റാം ; പദ്ധതിയുമായി ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ

ഏറ്റുമാനൂർ : കൊതുകിനെ തുരത്താം, രോഗങ്ങളെ അകറ്റാം പദ്ധതിയുമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷൻ. മഴക്കാലപൂർവ ആരോഗ്യ സംരക്ഷണ പരിപാടികളുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം ഐസിഎച്ച് മുൻ സൂപ്രണ്ട് ഡോ. ടി.യു.സുകുമാരൻ നിർവഹിച്ചു.

കൊതുകിനെയും രോഗാണുക്കളെയും തുരത്തുന്നതിന് വീടുകളിൽപുകയ്ക്കുന്നതിനുള്ള ആയുർവേദ ചൂർണം വിതരണം ചെയ്തുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിന് മുന്നോടിയായി മഴക്കാലരോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാറും ചികിത്സാ ക്യാംപും നടന്നിരുന്നു. അസോസിയേഷൻ പ്രസിഡന്റ്‌ ദിനേശ് ആർ. ഷേണായിയുടെ അധ്യക്ഷതയിൽ നഗരസഭ കൗൺസിലർ രശ്മി ശ്യാം ഉദ്ഘാടനം ചെയ്ത സെമിനാറിന് തൃക്കാക്കര കോട്ടക്കൽ ആര്യവൈദ്യശാല റിസർച് സെന്ററിലെ ഡോ. ഗോകുൽ നേതൃത്വം നൽകി.

ഏറ്റുമാനൂർ ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫിസർ ഡോ. ജയലക്ഷ്മി,  അതിരമ്പുഴ ആയുർവേദഡിസ്പെൻസറി മെഡിക്കൽ ഓഫിസർ ഡോ. എം.ശ്രീദേവി, കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോ. മഞ്ജു ജോസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*