
പ്രോട്ടീൻ്റെ ഏറ്റവും മികച്ച ഉറവിടമായതു കൊണ്ട് തന്നെ ‘ജിമ്മ’ന്മാരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ മാത്രമല്ല, ശരീരത്തിന് അവശ്യം വേണ്ട വിറ്റാമിനുകളും ധാതുക്കളും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും മുട്ട കഴിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശിക്കാറ്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നതിൽ പലർക്കും ആശങ്കയുണ്ട്. ഇത് രക്തത്തിലെ കൊളസ്ട്രോളിൻ്റെ അളവു വർധിപ്പിക്കുമോയെന്നാണ് പേടി. എന്നാൽ മുട്ടയുടെ വെള്ള പോലെ തന്നെ മഞ്ഞയും പോഷകസമൃദ്ധമാണെന്ന് പല പഠനങ്ങളും പറയുന്നു. ദി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച സമീപകാല പഠനത്തിൽ മുട്ടയിൽ അടങ്ങിയ ഡയറ്ററി കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ വർധിപ്പിക്കാൻ കാരണമാകില്ലെന്ന് കണ്ടെത്തി.
ഭക്ഷണത്തിൽ അടങ്ങിയ പൂരിത കൊഴുപ്പ് ആണ് യഥാർഥ വില്ലൻ. എന്നാൽ മുട്ടയിൽ പൂരിത കൊഴുപ്പ് കുറവാണ്. ഒരു ശരാശരി വലിയ മുട്ടയിൽ ഏകദേശം 200 മില്ലിഗ്രാം ഡയറ്ററി കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്, ഇത് മുമ്പ് ശുപാർശ ചെയ്തിരുന്ന 300 മില്ലിഗ്രാം എന്ന പ്രതിദിന പരിധിയുടെ മൂന്നിൽ രണ്ട് ഭാഗമാണ്.
എന്നാൽ അടുത്തിടെ നടത്തിയ ഗവേഷണങ്ങൾ കണ്ടെത്തിയത് ഭക്ഷണങ്ങളിലെ പൂരിത കൊഴുപ്പാണ് എൽഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതെന്നാണ്. മിക്ക ഉയർന്ന കൊളസ്ട്രോൾ ഭക്ഷണങ്ങളിലും പൂരിത കൊഴുപ്പ് കൂടുതലാണ്. പക്ഷേ മുട്ടയിൽ ഇത് വളരെ കുറച്ച് (1.6 ഗ്രാം) മാത്രമേ അടങ്ങിയിട്ടുള്ളുയെന്ന് ഗവേഷകർ പറയുന്നു.
ഭക്ഷണത്തിലെ കൊളസ്ട്രോളും രക്തത്തിലെ കൊളസ്ട്രോളും വ്യത്യസ്തമാണ്. നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോളിന്റെ ഭൂരിഭാഗവും ഭക്ഷണത്തിൽ നിന്നല്ല വരുന്നത്. കരളാണ് അത് നിർമിക്കുന്നത്. പൂരിത കൊഴുപ്പ് ധാരാളം കഴിക്കുന്നത് എൽഡിഎൽ അളവ് വർധിപ്പിക്കും. ഇതിലൂടെ കരൾ കൂടുതൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കുകയും രക്തത്തിൽ എത്തുകയും ചെയ്യുന്നു.
എന്നാൽ ഡയറ്ററി കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനത്തിൽ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പ്രതിദിനം 13 ഗ്രാമിൽ കൂടുതൽ പൂരിത കൊഴുപ്പ് കഴിക്കരുതെന്ന് ശുപാർശ ചെയ്യുന്നു.
Be the first to comment