പപ്പായയുടെ വിത്തുകൾ കളയല്ലേ, ആരോ​ഗ്യ​ഗുണങ്ങൾ ഏറെ

പോഷകങ്ങളുടെ ഒരു പാക്കാണ് പപ്പായ. പപ്പായ കഴിക്കുമ്പോൾ തൊലിക്കൊപ്പം അതിലെ വിത്തുകളും ഒഴിവാക്കുകയാണ് പതിവ്. എന്നാൽ ഇവയ്ക്ക് പല ആരോ​ഗ്യ​ഗുണങ്ങളും ഉണ്ടെന്നാണ് 2017ൽ ജേണല്‍ ഓഫ്‌ ഫാര്‍മകോഗ്നസി ആന്‍ഡ്‌ ഫൈറ്റോകെമിസ്‌ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്.

ബാക്ടീരിയയെ നശിപ്പിക്കും

പപ്പായ വിത്തിൽ അടങ്ങിയിരിക്കുന്ന ബെന്‍സൈല്‍ ഐസോതിയോസയനേറ്റ്‌ എന്ന സംയുക്തം ഇ.കോളി, സാല്‍മണെല്ല, സ്‌റ്റഫിലോകോക്കസ്‌ തുടങ്ങിയ ഹാനികരങ്ങളായ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നതാണ്.

കുടലിന്റെ ആരോ​ഗ്യം

പപ്പായ വിത്തുകൾ ഉണക്കിയത് തേനിൽ ചാലിച്ച് കഴിക്കുന്നത് കുടലിലെ പരാന്നജീവികളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ആന്റിഓക്‌സിഡന്റ്‌ ഗുണങ്ങള്‍

പപ്പായയിലെന്ന പോലെ അവയുടെ വിത്തുകളിലും വിറ്റാമിൻ സി പോലുള്ള ശക്തമായ ആൻ്റിഓക്സിഡന്റ് ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിന്റെ രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ചർമസംരക്ഷണത്തിനും ഇത് പ്രധാനമാണ്.

ദഹനം

പപ്പൈയ്‌ന്‍ പോലുള്ള സംയുക്തങ്ങൾ അടങ്ങിയ പപ്പായ വിത്ത്‌ പ്രോട്ടീനെ വിഘടിപ്പിക്കാന്‍ സഹായിക്കും. ദഹനവുമായി ബന്ധപ്പെട്ട പരിഹാരമാര്‍ഗ്ഗങ്ങള്‍ക്ക്‌ പപ്പായ വിത്ത്‌ ഇതിനാല്‍ തന്നെ ഉപയോഗപ്പെടുത്താം. അള്‍സറിനെതിരെയും ഇത്‌ പ്രവര്‍ത്തിക്കുമെന്ന്‌ കരുതപ്പെടുന്നു.

അമീബയ്‌ക്കെതിരെയും പോരാടും

എന്റമീബ ഹിസ്‌റ്റോളിറ്റിക്ക എന്ന അമീബയ്‌ക്കെതിരെയും പപ്പായ വിത്തിന്റെ സത്ത്‌ പ്രവര്‍ത്തിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.

കൊളസ്‌ട്രോളിനെയും രക്തത്തിലെ പഞ്ചസാരയെയും

ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ പഞ്ചസാരയുടെ തോത്‌ എന്നിവ കുറയ്‌ക്കാന്‍ പപ്പായ വിത്തിന്‌ സാധിക്കുമെന്ന്‌ എലികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌.

അര്‍ബുദത്തിനെതിരെ

ഐസോതിയോസയനേറ്റുകള്‍, ലൈകോപീന്‍, ഫെനോളിക്‌സ്‌ പോലുള്ള ബയോആക്ടീവ്‌ സംയുക്തങ്ങളും പപ്പായ വിത്തില്‍ അടങ്ങിയിട്ടുണ്ട്‌. ഈ സംയുക്തങ്ങള്‍ ചില തരം അര്‍ബുദ കോശ വളര്‍ച്ചയെ തടയുമെന്നും കരുതപ്പെടുന്നു. എന്നാല്‍ മനുഷ്യരില്‍ ഇത്‌ സംബന്ധിച്ച പഠനം നടത്തിയിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*