ബ്രേക്ക്ഫാസ്റ്റ് മുടക്കിയാൽ പല്ലുകൾ കേടാകുമോ?

ബ്രേക്ക്ഫാസ്റ്റ് തുടർച്ചയായി ഒഴിവാക്കുന്നവരാണോ? ഇത് നിങ്ങളുടെ ഊർജ്ജം നഷ്ടമാക്കുക മാത്രമല്ല, പല്ലുകളുടെ ആരോ​ഗ്യത്തെയും ബാധിക്കുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത് വയര്‍ ഒഴിഞ്ഞിരിക്കുന്ന സമയപരിധി വീണ്ടും വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ ആന്തരിക താളത്തെ തകിടംമറിക്കും.

ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വര്‍ധിക്കുകയും ഗാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് ലക്ഷണങ്ങള്‍ കൂടുകയും ചെയ്യുന്നു. ദീര്‍ഘനേരം കഴിക്കാതിരിക്കുമ്പോള്‍ സ്വാഭാവികമായും ചവയ്ക്കുക എന്ന പ്രക്രിയ നടക്കുന്നില്ല.

അതിന്റെ ഫലമായി ഉമിനീര്‍ ഉത്പാദനവും കുറയുന്നു. ഉമിനീര്‍ ഒരു ലൂബ്രിക്കന്റ് മാത്രമല്ല അത് ശരീരത്തിലെ ആസിഡിനെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന സ്വാഭാവിക ഘടകം കൂടിയാണ്. അതില്‍ ബൈകാര്‍ബണേറ്റുകളും എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്. ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ ആമാശയത്തില്‍ അസിഡിറ്റി ഉണ്ടാകും. അസിഡിറ്റി ആമാശയത്തെ മാത്രമല്ല, അത് ദന്താരോഗ്യത്തെയും ബാധിക്കും.

വായുടെ ഉള്‍ഭാഗത്ത് സാധാരണയായി ആറു മുതൽ ഏഴു വരെയുള്ള ന്യൂട്രൽ പിഎച്ച് ആണ്. എന്നാല്‍ അസിഡിറ്റി മൂലം അതില്‍ വലിയ കുറവുവരുന്നത് ഡീമിനറലൈസേഷന്‍ എന്ന പ്രക്രിയയിലൂടെ ഇനാമലിന്റെ നാശത്തിന് കാരണമാകും. ഇങ്ങനെ പല്ലുകളില്‍ പോടുകള്‍ രൂപപ്പെടുകയും പുളിപ്പ് ഉണ്ടാകുകയും ചെയ്യാം.

പ്രഭാതഭക്ഷണം പരമാവധി കഴിക്കാൻ ശ്രമിക്കുക. ഇത് ഉമിനീര്‍ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രാവിലത്തെ ആസിഡിനെ പ്രതിരോധിക്കുകയും ഗാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് നിയന്ത്രിക്കുകയും ചെയ്യുന്നു. രാവിലെ അസിഡിറ്റി ഒഴിവാക്കുന്നതിന് വെള്ളം കുടിച്ച് ആരംഭിക്കുന്നതാണ് നല്ലത്.കാപ്പി പോലുള്ളവ വെറും വയറ്റില്‍ കുടിക്കുന്നത് ഒഴിവാക്കുക.

Be the first to comment

Leave a Reply

Your email address will not be published.


*