രക്തത്തിൽ ഷുഗറു കൂടിയെന്ന് കേട്ടാൽ ആദ്യം ഒഴിവാക്കുന്ന രണ്ട് കാര്യങ്ങൾ പഞ്ചസാരയും അരിയുമാണ്. ഇവ രണ്ടും പാടേ ഒഴിച്ചു നിർത്തിയാൽ മാത്രം മതി, രക്തത്തിലെ പഞ്ചസാരയുടെ അളവു കൺട്രോളിലാകാനെന്നാണ് പലരുടെയും തെറ്റിദ്ധാരണ.
എന്നാൽ ഒരു ടീസ്പൂൺ പഞ്ചസാരയിൽ അഞ്ച് ഗ്രാം ഷുഗറാണ് ഉള്ളത്. അത് ഒഴിവാക്കി, പഴുത്ത ഇടത്തരം വലിപ്പമുള്ള ഒരു മാങ്ങ കഴിക്കുകയാണെന്നിരിക്കട്ടെ, അതിൽ ഏതാണ്ട് 40 മുതല്‍ 45 ഗ്രാം വരെ ഷുഗർ ഉണ്ട്. ചപ്പാത്തിയാണ് തിരഞ്ഞെടുക്കുന്നതെങ്കിലോ ഒരെണ്ണത്തിൽ ഏതാണ്ട് 15 ഗ്രാം ഷുഗറിന് തുല്യമായ കാർബ്സ് അടങ്ങിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ, ഒഴിവാക്കുന്നതിലല്ല അളവാണ് പ്രധാനം. പഞ്ചസാരയും അരിയും ഒഴിവാക്കി, ആരോഗ്യകരമായ ഗോതമ്പു ചപ്പാത്തി ആറും ഏഴും കഴിച്ചതു കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടാകണമെന്നില്ല. നാം കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവു വേഗം കൂട്ടുവാനുള്ള കഴിവുണ്ട്.
പാൻക്രിയാസ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ നമ്മുടെ ഭക്ഷണത്തില്‍ക്കൂടി എത്തുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റി ശരീരത്തില്‍ സൂക്ഷിക്കുന്നു. ഇതു നടക്കാതെ വരുമ്പോൾ പഞ്ചസാര രക്തത്തിൽ തന്നെ അവശേഷിക്കുകയും പ്രമേഹം ഉണ്ടാകുകയും ചെയ്യുന്നു. ചിട്ടയായ ഭക്ഷണക്രമവും വ്യായാമരീതിയും മാനസിക സംഘർഷങ്ങൾ ഒഴിവാക്കിയുള്ള ജീവിതരീതിയും പ്രമേഹത്തിന്റെ പ്രീഡയബറ്റിക് ഘട്ടത്തിലുള്ളവരിൽ പ്രമേഹം ഒഴിവായതായും നിരീക്ഷണങ്ങൾ തെളിയിക്കുന്നു.



Be the first to comment