ലണ്ടൻ: ബ്രിട്ടനിൽ കഴിഞ്ഞവർഷം പുതിയ കാറുകളുടെ വിൽപ്പന 20 ലക്ഷത്തിന് മുകളിലെത്തിയതായി സൊസൈറ്റി ഓഫ് മോട്ടോർ മാനുഫാക്ചറേഴ്സ് ആൻഡ് ട്രേഡേഴ്സ് (SMMT) പുറത്തുവിട്ട പ്രാഥമിക കണക്കുകൾ വ്യക്തമാക്കി. 2019ന് ശേഷം ആദ്യമായാണ് യുകെയിലെ വാർഷിക കാർ വിൽപ്പന ഈ നേട്ടം കൈവരിക്കുന്നത്. ചൈനീസ് വാഹന ബ്രാൻഡുകളുടെ ശക്തമായ മുന്നേറ്റമാണ് വിപണിയിൽ നിർണായകമായ മാറ്റം സൃഷ്ടിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൊത്തം രജിസ്ട്രേഷനുകളിൽ 9.7 ശതമാനവും (1.96 ലക്ഷം വാഹനങ്ങൾ) ചൈനീസ് കമ്പനികളുടെ വിഹിതമായിരുന്നു; 2024ലെ 4.9 ശതമാനത്തിൽ നിന്ന് ഇത് ഇരട്ടിയിലേറെയാണ്.
ഇലക്ട്രിക് കാർ വിപണിയിലും റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്. 2025ൽ 4.73 ലക്ഷം ഇലക്ട്രിക് കാറുകളാണ് വിറ്റഴിഞ്ഞത്, മുൻവർഷത്തേക്കാൾ ഏകദേശം 24 ശതമാനം വർധന. ഇതോടെ മൊത്തം കാർ വിപണിയിലെ 23.4 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായി.
എംജി, ബിവൈഡി, ചെറി (ജെയ്ക, ഒമോഡ ബ്രാൻഡുകൾ) എന്നിവയാണ് ചൈനീസ് വിപണി മുന്നേറ്റത്തിന് നേതൃത്വം നൽകുന്നത്. ബിവൈഡിയുടെ വിൽപ്പന ആറിരട്ടിയായി 51,000ലും ചെറിയുടെ വിൽപ്പന 13 ഇരട്ടിയായി 54,000ലും എത്തി. എംജി മാത്രം 85,000 വാഹനങ്ങൾ വിറ്റഴിച്ചു.





Be the first to comment