
മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടിയുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ. ദീപിക ഒരു എഡിറ്റോറിയൽ എഴുതുന്നത് അരമനയിൽ നിന്നാണോയെന്നും അങ്ങനെയൊന്നും സംസാരിക്കരുതെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു. വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുമെന്നും അതിനൊരു സംവിധാനമില്ലേയെന്നും ക്ലിമിസ് കാതോലിക്ക ബാവ പറഞ്ഞു.
പ്രധാനമന്ത്രി പലപ്പോഴും മാന്യമായി സംസാരിച്ചിട്ടുണ്ട്. തങ്ങളുടെ ആശങ്കകൾ പങ്കുവച്ചിട്ടുണ്ട്. പക്ഷേ പ്രവൃത്തിയിൽ വരുമ്പോൾ കാണുന്നില്ലെന്ന് ക്ലിമിസ് കാതോലിക്ക ബാവ കുറ്റപ്പെടുത്തി. കന്യാസ്ത്രികളുടെ അറസ്റ്റിൽ സഭയ്ക്ക് വലിയ പ്രതിഷേധവും വേദനയും ഉണ്ട്. ന്യൂനപക്ഷങ്ങൾക്കു നേരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ ഇതുവരെ കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് മാർ ക്ലിമ്മിസ് കാതോലിക്കാ ബാവ പറഞ്ഞു.
മന്ത്രി ശിവൻകുട്ടിയ്ക്ക് തലശേരി അതിരൂപതാ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും മറുപടി നൽകി. ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നതും അരമനയിൽ പ്രാർത്ഥിക്കുന്നതും തെറ്റല്ലെന്നും മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടിയായി ആർച്ചുബിഷപ്പ് പറഞ്ഞു. പ്രധാനമന്ത്രിയോട് പരാതി പറയാൻ തിരുമേനിമാർ ധൈര്യം കാണിക്കുന്നില്ലെന്നായിരുന്നു മന്ത്രി വി ശിവൻകുട്ടിയുടെ വിമർശനം. എഡിറ്റോറിയൽ എഴുതിയിട്ട് അരമനയിൽ കയറി ഒതുങ്ങിയിരുന്ന് പ്രാർത്ഥിച്ചാൽ പരിഹാരമാകുമോയെന്നും മന്ത്രി വിമർശിച്ചിരുന്നു.
Be the first to comment