കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയതിന് സ്‌കൂള്‍ മാനേജ്മെന്റ് ഗേറ്റില്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനാധ്യാപിക. സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. വിവേചനം തന്നോട് മാത്രമെന്നും സ്‌കൂളില്‍ സ്വസ്ഥമായി ജോലി ചെയ്യാനുള്ള സാഹചര്യം വിദ്യാഭ്യാസ വകുപ്പ് ഒരുക്കി തരണമെന്നും സിന്ധു എസ് നായര്‍ പറഞ്ഞു.
പൊലീസ് കേസെടുത്തിട്ടുണ്ട്. സെക്യൂരിറ്റി ശശാങ്കനെതിരെ നടപടിയെടുത്തു എന്നാണ് മനസിലാക്കുന്നത്. ശശാങ്കനെതിരെ നടപടിയെടുത്ത് പുകമറ സൃഷ്ടിക്കുകയല്ലേ ചെയ്തത്. ഇങ്ങനെ കാണിച്ചത് ആര്‍ക്ക് വേണ്ടിയാണ്. പ്രേരണാ കുറ്റം ഉണ്ടല്ല. അതിന് നടപടികള്‍ ഒന്നുമില്ലേ. മാനേജര്‍ പറഞ്ഞിട്ടാണെന്ന് സെക്യൂരിറ്റി പറഞ്ഞിട്ടുണ്ട്. എനിക്ക് ഇവിടെ സ്വസ്ഥതയോടെ, സമാധാനത്തോടെ , സുരക്ഷിതത്വത്തോടെ ഇവിടെ ജോലി ചെയ്യണം. അതിനുള്ള സാഹചര്യം ഉണ്ടാകണം – സിന്ധു പറഞ്ഞു.
ചുരിദാര്‍ ധരിച്ചു വരരുതെന്ന് മുന്‍പും മാനേജര്‍ പറഞ്ഞിട്ടുണ്ടെന്നും അധ്യാപിക പറയുന്നു. സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണം. പൊലീസ് എടുത്ത കേസില്‍ ഔദ്യോഗിക കൃത്യനിര്‍വണം തടസപ്പെടുത്തിയതിന് എതിരെയുള്ള വകുപ്പുകള്‍ ഇല്ല. സ്‌കൂളില്‍ ജോലി ചെയ്യാന്‍ ഭയമുണ്ട് – അവര്‍ പറയുന്നു. നിയമപരമായി നീങ്ങാനാണ് അധ്യാപികയുടെ നീക്കം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും. വിദ്യാഭ്യാസ വകുപ്പില്‍ വിശ്വാസമെന്നും പ്രധാനധ്യാപിക പറഞ്ഞു.
സംഭവത്തില്‍ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടിരുന്നു. നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശശാങ്കനെതിരെയാണ് കേസ്. സെക്യൂരിറ്റിയുടെ നടപടി അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്‌ഐആര്‍. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.
സിന്ധു എസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പൊലീസിന്റെ നടപടി. അനധികൃതമായി അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ ഗേറ്റിനുമുന്നില്‍ തടഞ്ഞത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നിലവില്‍ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ശശാങ്കന്‍ മാത്രമാണ് കേസിലെ പ്രതി. ശശാങ്കനെ കൊട്ടാരക്കര സ്റ്റേഷനില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂള്‍ മാനേജറോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം.



Be the first to comment