കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാറിന് വേണ്ടി നേരിട്ട് ഹാജരാകും. കേസിലെ പ്രതികളായ ഐഎൻടിസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എം രതീഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി സർക്കാർ നൽകാത്തതാണ് ഹർജിക്ക് കാരണം. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ കോടതി അതിരൂക്ഷ വിമർശനം സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു.
കേസിൽ നേരത്തെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ അഴിമതി നിരോധന നിയമം കൂടെ ചേർത്താൽ മാത്രമേ പ്രോസിക്യൂഷൻ നടപടിയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ. സിബിഐ ആദ്യഘട്ടത്തിൽ അഴിമിത നിരോധന നിയമം ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇത് നിഷേധിച്ചിരുന്നു. പിന്നീട് സിബിഐ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. സംസ്ഥാന സർക്കാർ ആ ഘട്ടത്തിലും സമാന നിലപാടാണ് സ്വീകരിച്ചത്.
വീണ്ടും കേസ് ഹൈക്കോടതിയിൽ എത്തുകയായിരുന്നു. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പ്രോസിക്യൂഷൻ നടപടി അംഗീകരിക്കുന്ന ഉത്തരവായിരുന്നില്ല. അതുകൊണ്ടാണ് കോടതയലക്ഷ്യവുമായി ബന്ധപ്പെട്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.



Be the first to comment