കേരള സർവകലാശാല സംസ്കൃതം വിഭാഗം ഡീൻ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ കേസെടുക്കാനുള്ള സാധ്യത തേടി പോലീസ്. ഗവേഷക വിദ്യാർഥിയായിരുന്ന വിപിൻ വിജയൻ ശ്രീകാര്യം പോലീസിൽ ഇന്നലെ മൊഴി നൽകിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാകുമോയെന്ന് പോലീസ് നിയമപദേശം തേടും.
കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടാണ് മന്ത്രി നിർദ്ദേശിച്ചത്. കുറ്റക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് വൈസ് ചാൻസലറോടും രജിസ്ട്രാറോടും മന്ത്രി ആവശ്യപ്പെട്ടു.
പുലയന് എന്തിനാണ് ഡോക്ടർ വാല് എന്നു അധ്യാപിക ചോദിച്ചു എന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. മറ്റ് അധ്യാപകർക്ക് മുന്നിൽ വെച്ചായിരുന്നു അധിക്ഷേപം എന്നും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ വിപിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പുലയന്മാർ സംസ്‌കൃതം പഠിക്കണ്ട, പുലയനും പറയനും വന്നതോടെ സംസ്‌കൃത വിഭാഗത്തിന്റെ മഹിമ നശിച്ചു. വിപിനെപ്പോലുള്ള നീച ജാതികൾക്ക് എത്ര ശ്രമിച്ചാലും സംസ്‌കൃതം വഴങ്ങില്ല തുടങ്ങിയ പരാമർശങ്ങളാണ് ഡോ. സി എൻ വിജയകുമാരിയിൽ നിന്നുണ്ടായെന്ന് വിദ്യാർഥി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.



Be the first to comment