വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയ്ക്ക് രണ്ട് വിശുദ്ധര്‍ കൂടി. ‘ഗോഡ്സ് ഇന്‍ഫ്ലുവന്‍സര്‍’ എന്ന പേരുനേടിയ കാര്‍ലോ അക്യുട്ടിസ്, 1925-ല്‍ അന്തരിച്ച ഇറ്റാലിയന്‍ പര്‍വതാരോഹകന്‍ പിയര്‍ ജോര്‍ജിയോ ഫ്രസാറ്റി എന്നിവരെയാണ് ലിയോ പതിന്നാലാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.
‘ഗോഡ്സ് ഇന്‍ഫ്ലുവന്‍സര്‍’ എന്ന പേരുനേടിയ കാര്‍ലോ അക്യുട്ടിസ് ഓണ്‍ലൈനിലൂടെ കത്തോലിക്കാവിശ്വാസം പ്രചരിപ്പിച്ചതിനാണ് വിശുദ്ധനായി പ്രഖ്യാപിച്ചത്. കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധനാണ് കാര്‍ലോ അക്യുട്ടിസ്. വത്തിക്കാനിലെ സെയ്ന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ഇറ്റാലിയന്‍ ദമ്പതിമാരുടെ മകനായി ലണ്ടനിലായിരുന്നു കാര്‍ലോ അക്യുട്ടിസിന്റെ ജനനം. മിലാനില്‍ വളര്‍ന്ന അദ്ദേഹം 2006-ല്‍ പതിനഞ്ചാം വയസ്സില്‍ രക്താര്‍ബുദബാധിതനായാണ് അന്തരിച്ചത്. അക്യുട്ടിസിന്റെ ഭൗതികദേഹം അസീസിയില്‍ ചില്ലുശവകുടീരത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ജീന്‍സും ഷര്‍ട്ടും നൈക്കി ഷൂസുമിട്ട നിലയിലാണ് അക്യുട്ടിസിന്റെ ഭൗതികദേഹം ഇപ്പോഴുമുള്ളത്.
കംപ്യൂട്ടര്‍ കോഡിങ് സ്വയം പഠിച്ച അക്യുട്ടിസ് ഈ വൈദഗ്ധ്യം കത്തോലിക്കാസഭയിലെ അദ്ഭുതപ്രവൃത്തികള്‍ ഉള്‍പ്പെടെ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനും പ്രചരിപ്പിക്കുന്നതും വേണ്ടി പ്രവര്‍ത്തിച്ചിരുന്നു. അക്യുട്ടിസിന്റെ മധ്യസ്ഥതയില്‍ രണ്ട് അദ്ഭുതങ്ങള്‍ നടന്നിട്ടുണ്ടെന്ന് വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് വിശുദ്ധപദവിയിലേക്ക് വഴിതുറന്നത്. ‘സൈബര്‍ അപ്പസ്തോലന്‍’ എന്നും അറിയപ്പെടുന്ന അക്യുട്ടിസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ 2020-ല്‍ വാഴ്ത്തപ്പെട്ടവനാക്കിയിരുന്നു.



Be the first to comment