‘തീരുവ ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടാക്കി, ആ നടപടി ഒരിക്കലും എളുപ്പമായിരുന്നില്ല, പക്ഷേ’; വീണ്ടും ന്യായീകരിച്ച് ട്രംപ്

ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ ഇരട്ട തീരുവയില്‍ ഉറച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ പ്രഖ്യാപനം ഇന്ത്യ- അമേരിക്ക ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്ന് ട്രംപ് തുറന്നുപറഞ്ഞു. എന്നാല്‍ റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുന്നതിനാല്‍ തീരുവ ഒഴിവാക്കാനാകില്ലെന്നും ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമര്‍ശങ്ങള്‍. 

ഇന്ത്യയുമായുള്ള ബന്ധം താറുമാറാക്കുന്ന ഒരു നടപടി സ്വീകരിക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് ട്രംപ് പറയുന്നു. എന്നിരിക്കിലും റഷ്യയുമായുള്ള വ്യാപാരബന്ധം തടയുക എന്നത് വളരെ പ്രധാനമായിരുന്നുവെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍ സംഘര്‍ഷം എന്നത് തങ്ങളേക്കാള്‍ യൂറോപ്പിനെ ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. യൂറോപ്പ് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ഇന്ത്യക്കും റഷ്യയ്ക്കും എതിരായ നടപടികള്‍ കര്‍ശനമായി താന്‍ തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ കൂടുതല്‍ തീരുവ ചുമത്താന്‍ ജി -7 രാഷ്ട്രങ്ങളോട് അമേരിക്ക അഭ്യര്‍ത്ഥിച്ചിരുന്നു. യുക്രെയ്ന്‍ യുദ്ധം അവസാനിക്കുന്നതു വരെ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇരുരാജ്യങ്ങള്‍ക്കുമെതിരെ ഉയര്‍ന്ന തീരുവകള്‍ ചുമത്തണമെന്ന് യു എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ആവശ്യപ്പെടുകയായിരുന്നു. 50 ശതമാനത്തിനും 100 ശതമാനത്തിനുമിടയില്‍ തീരുവ ചുമത്താനാണ് നിര്‍ദ്ദേശമെന്ന് സൂചന. ഇന്ന് നടക്കുന്ന ജി-7 ധനമന്ത്രിമാരുടെ യോഗം അമേരിക്ക മുന്നോട്ടുവച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം തീരുവ ചുമത്താന്‍ ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*