ന്യൂഡൽഹി: സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ) 10, 12 ക്ലാസുകളുടെ പ്രാക്‌ടിക്കൽ പരീക്ഷകൾ ജനുവരി 1 മുതൽ നടക്കും. 10, 12 ക്ലാസ് ബോർഡ് പരീക്ഷയിലെ പ്രാക്‌ടിക്കൽ പരീക്ഷകളാണ് ജനുവരി 1 മുതൽ ഫെബ്രുവരി 14 വരെ നടക്കുന്നത് എന്ന് പരീക്ഷ ബോർഡ് അറിയിച്ചു.
പരീക്ഷ തീയതിയോടൊപ്പം പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങളും വിദ്യാഭ്യാസ ബോർഡ് പുറപ്പെടുവിച്ചിട്ടുണ്ട്. കർശനമായ മാർഗനിർദേശങ്ങളാണ് സിബിഎസ്ഇ പുറത്തിറക്കിയിരിക്കുന്നത്. മൂല്യനിർണയത്തിൽ ഒരു വിട്ടുവീഴ്‌ചയും അനുവദിക്കില്ലെന്നും വെബ് പോർട്ടലിൽ സമർപ്പിക്കുന്ന മാർക്കുകൾ അന്തിമമാണെന്നും അവ മാറ്റാൻ കഴിയില്ലെന്നും പ്രസ്‌താവനയിൽ പറയുന്നു.
പ്രാക്‌ടിക്കൽ പരീക്ഷയുടെ മാർക്ക് പരീക്ഷ ദിവസങ്ങളിൽ തന്നെ അപ്‌ലോഡ് ചെയ്യാനാണ് ബോർഡിൻ്റെ നിർദേശം. തുടർ മൂല്യനിർണയം, പ്രോജക്‌ട് എന്നിവയുടെ മാർക്കുകളും അതതു ദിവസങ്ങളിൽ തന്നെ അപ്‌ലോഡ് ചെയ്യണം. പരീക്ഷ അവസാനിക്കുന്ന ഫെബ്രുവരി 14 നു മുൻപ് ഈ നടപടികൾ പൂർത്തിയാക്കാമാണ് ബോർഡ് പറഞ്ഞിരിക്കുന്നത്.
മാർക്കുകൾ അപ്‌ലോഡ് ചെയ്യാൻ കൂടുതൽ സമയം അനുവദിക്കില്ലെന്നും നിർദിഷ്‌ട സമയത്തിനുള്ളിൽ തന്നെ പൂർത്തീകരിക്കുകയും വേണമെന്ന് ബോർഡ് പറഞ്ഞു. ഇത് കൂടാതെ ഇൻ്റേണൽ അസസ്‌മെൻ്റ്, പ്രോജക്‌ടുകൾ എന്നിവയ്ക്കുള്ള മാർഗനിർദേശങ്ങളും ബോർഡ് പുറപ്പെടുവിച്ചു. കൂടാതെ മാർക്ക് അപ്‌ലോഡ് ചെയ്യുമ്പോൾ സ്‌കൂളുകൾ അതീവ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു.
കായിക താരങ്ങളായ വിദ്യാർഥികൾക്ക് ബോർഡ് ഇളവ് അനുവദിച്ചിട്ടുണ്ട്. ദേശീയ അല്ലെങ്കിൽ അന്തർദേശീയ തലത്തിൽ മത്സരിക്കുന്ന വിദ്യാർഥികൾക്കാണ് പരീക്ഷയിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. ഈ വിദ്യാർഥികളുടെ പരീക്ഷ സമയവും തീയതിയും സ്‌കൂളുകൾക്ക് പുനഃക്രമീകരിക്കാം. സ്‌കൂൾ മാനേജ്‌മെൻ്റ് അനുവദിക്കുന്ന സമയ പരിധിക്കുള്ളിൽ പ്രാക്‌ടിക്കൽ പരീക്ഷകൾ എഴുതാം.
എന്നിരുന്നാലും, അധിക സമയം അനുവദിക്കില്ല. സിബിഎസ്ഇയുടെ മൊത്തം പരീക്ഷ ഷെഡ്യൂളിനുള്ളിൽ തന്നെ ഇതും പൂർത്തിയാക്കണമെന്ന് അധികൃതർ നിർദേശിച്ചു. എല്ലാ പുതിയ മാർഗനിർദേശങ്ങളും SOP-കളും കർശനമായി പാലിക്കണമെന്ന് സ്‌കൂൾ മാനേജ്‌മെൻ്റിനോടും പ്രിൻസിപ്പൽമാരോടും അധ്യാപകരോടും ബോർഡ് ആവശ്യപ്പെട്ടു.



Be the first to comment