
ന്യൂഡല്‍ഹി: 20 വര്‍ഷം പഴക്കമുള്ള വാഹനം കൈവശം വയ്ക്കുന്നതിന് ഫീസ് കുത്തനെ കൂടും. 20 വര്‍ഷത്തിന് ശേഷമുള്ള വാഹനങ്ങളുടെ ഫീസ് നിലവിലുള്ളതിനെക്കാള്‍ ഇരട്ടിയാക്കി. എന്നാല്‍ അധിക നികുതി നിരക്കുമായി ബന്ധപ്പെട്ട് 2022 മുതല്‍ കേരള ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ സംസ്ഥാനത്ത് പുതുക്കിയ നിരക്ക് ഈടാക്കുമോയെന്നതില്‍ വ്യക്തതയില്ല.
വാഹനങ്ങള്‍ 15 വര്‍ഷത്തിന് ശേഷം വാഹനങ്ങള്‍ പുതുക്കുന്നതിന് 2022 ഏപ്രില്‍ 1 മുതല്‍ നിരക്ക് ഉയര്‍ത്തി കേന്ദ്രം ഉത്തരവിട്ടെങ്കിലും കേരള ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ ഈ നിരക്ക് വാങ്ങുന്നില്ല. അധിക നിരക്ക് ഈടാക്കാന്‍ കോടതി അനുമതി നല്‍കിയാല്‍ അധികതുക നല്‍കാമെന്ന സത്യവാങ്മൂലത്തോടെയാണ് ഉടമകളില്‍ നിന്ന് പഴയ നിരക്ക് ഈടാക്കുന്നത്.
അതേസമയം നിലവിലുള്ള ഉയര്‍ന്ന നികുതിക്ക് പുറമേയാണ് ഫീസും കേന്ദ്രം കുത്തനെ കൂട്ടിയിരിക്കുന്നത്. പഴയ വാഹനങ്ങള്‍ കൈവശം വയ്ക്കുന്നത് പരമാവധി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നീക്കം. 15 മുതല്‍ 20 വര്‍ഷം വരെയുള്ള വാഹനങ്ങള്‍ക്ക് നിലവിലെ നിരക്ക് തുടരും.
നിലവില്‍ പഴയ നിരക്ക് ഈടാക്കുന്ന കേരളം 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് പുതിയ നിരക്ക് ഈടാക്കിയാല്‍ ഭാരം കുത്തനെ കൂടും. മറ്റ് സംസ്ഥാനങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ക്ക് 1000 രൂപ ഈടാക്കുമ്പോള്‍ കേരളം 300 രൂപയാണ് ഈടാക്കുന്നത്. 20 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ കാര്യത്തിലാണെങ്കില്‍ ഇത് ഒറ്റയടിക്ക് 2000 രൂപ കൂടും.
രജിസ്‌ട്രേഷന്‍ പുതുക്കല്‍ ഫീസിലെ മാറ്റം ഇങ്ങനെ
ഇരുചക്രവാഹനം- 300 രൂപ(കേരളം ഈടാക്കുന്നത്), 2000 രൂപ(20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)
മുച്ചക്രവാഹനം- 600 രൂപ(കേരളം ഈടാക്കുന്നത്), 5000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)
കാര്‍- 600 രൂപ(കേരളം ഈടാക്കുന്നത്), 10000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)
ഇറക്കുമതി ചെയ്ത ഇരുചക്ര/മുച്ചക്രവാഹനം – 2500 രൂപ(കേരളം ഈടാക്കുന്നത്),20,000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)
ഇറക്കുമതി ചെയ്ത നാലുചക്ര വാഹനം-5000 രൂപ(കേരളം ഈടാക്കുന്നത്), 80,000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)
മറ്റുവാഹനങ്ങള്‍- 3000 രൂപ (കേരളം ഈടാക്കുന്നത്), 12,000 രൂപ (20 വര്‍ഷം കഴിഞ്ഞവയ്ക്ക് കേന്ദ്രം പ്രഖ്യാപിച്ച നിരക്ക്)
Be the first to comment