കെപിസിസി പുനഃസംഘടനയിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ . താനും ഒരു മനുഷ്യനാണെന്നും ചില സാഹചര്യങ്ങളിൽ വിഷമം വരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പാർട്ടിയുമായുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ സംസാരിക്കും. പാർട്ടിയിൽ ജാതി, മതം ഒന്നുമില്ല. കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള മുഴുവൻ നേതാക്കളുമായും സംസാരിക്കും. മറ്റൊരു പരിഗണനയ്ക്കും എന്റെ ജീവിതത്തിൽ പ്രാധാന്യമില്ല. തനിക്ക് തരാനുള്ളതെല്ലാം പാർട്ടി തന്നു. തന്നെ എംഎൽഎ ആക്കിയത് ഈ പാർട്ടിയാണ്. തനിക്ക് ഒന്നും തരാതിരുന്നിട്ടില്ല. തന്റെ പിതാവിനെ 51 കൊല്ലം എംഎൽഎ ആക്കിയത് ഈ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കോൺഗ്രസ് പുറത്തുവിട്ട ജംബോ കമ്മിറ്റിയിൽ ചാണ്ടി ഉമ്മനെ തഴഞ്ഞതാണ് അനുകൂലികളെ അതൃപ്തിയിലാക്കിയത്. പതിമൂന്ന് ഉപാധ്യക്ഷന്മാരെയും 58 ജനറൽ സെക്രട്ടറിമാരായെും ഉൾപ്പെടുത്തി കഴിഞ്ഞദിവസമാണ് ജംബോ പട്ടിക കെപിസിസി പുറത്തുവിട്ടത്.
അതിനിടെ യൂത്ത് കോൺഗ്രസ് നാഷണൽ ഔട്ട് റീച്ച് സെൽ ചെയർമാൻ പദവിയിൽനിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മൻ ഇന്നലെ പരസ്യമായി പ്രതികരിച്ചിരുന്നു.തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല. തന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെ. തന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് എന്നായിരുന്നു ചാണ്ടി ഉമ്മൻ പറഞ്ഞത്. അതിന് പിന്നിൽ പ്രവർത്തിച്ചതാര് എന്ന് പിന്നീട് പറയാമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു.



Be the first to comment