തന്റെ കുടുംബം തകർത്തത് ഉമ്മൻചാണ്ടിയാണെന്ന മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചാണ്ടി ഉമ്മൻ എംഎൽഎ. ഗണേഷിന്റേത് നാക്കു പിഴയായിരിക്കാം. പറഞ്ഞത് ശരിയാണോ എന്ന് ഗണേഷ് കുമാർ പരിശോധിക്കട്ടെയെന്നും കൂടുതൽ വിവാദത്തിന് തയ്യാറല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ബാലകൃഷ്ണപിള്ള സാറിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹത്തിന് വയ്യാത്ത സമയത്ത് തന്റെ അമ്മ പ്രാർത്ഥിക്കുമായിരുന്നു. അത്രയ്ക്ക് അടുപ്പമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഗണേഷ് വലിയ പ്രതീക്ഷയുള്ള നേതാവായിരുന്നു. അത് അസ്ഥാനത്തായോ എന്ന് മാത്രമേ താൻ പറഞ്ഞിട്ടുള്ളൂവെന്ന് അദേഹം വ്യക്തമാക്കി.
പിതാവിനെ കൂടുതൽ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ ആഗ്രഹിക്കുന്നില്ല. ഗണേഷിന് കുറിച്ച് വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. ആ പ്രതീക്ഷ എവിടെയോ തെറ്റിയോ എന്ന് മാത്രമേ താൻ പറഞ്ഞുള്ളൂ. വിഷയത്തിൽ കൃത്യമായ നിലപാട് പറഞ്ഞുകഴിഞ്ഞുവെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ സോളാർ കേസിൽ വേട്ടയാടിയത് കെ ബി ഗണേഷ്കുമാറാണെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പരാമർശം. ഇതിന് മറുപടിയായിട്ടായിരുന്നു കെ ബി ഗണേഷ് കുമാറിന്റെ ആരോപണം. ഉമ്മൻചാണ്ടി ദ്രോഹിച്ചതിന് കണക്കില്ലെന്നും മക്കളിൽ നിന്ന് തന്നെ അകറ്റിയതിലും പങ്കുണ്ടെന്നുമായിരുന്നു ഗണേഷ്കുമാറിന്റെ കുറ്റപ്പെടുത്തൽ.
മന്ത്രി കെ ബി ഗണേഷ്കുമാറിന്റെ ആരോപണത്തിൽ വിമർശനം ശക്തമാക്കി കോൺഗ്രസ് രംഗത്തെത്തി. ഗണേഷ്കുമാർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആരോപണം ഉന്നയിക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെയെന്നായിരുന്നു കെ ബി ഗണേഷ്കുമാറിന്റെ പ്രതികരണം.



Be the first to comment