‘ പദവികള്‍ക്കപ്പുറം പാര്‍ട്ടിയാണ് വലുത്; അബിനും അത് മനസിലാക്കണമെന്നാണ് പറഞ്ഞത്’; നിലപാട് തിരുത്തി ചാണ്ടിഉമ്മന്‍

നിലപാടില്‍ മലക്കം മറിഞ്ഞ് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ദേശീയ സെല്ലിന്റെ ചുമതലയില്‍ നിന്ന് നീക്കിയതുമായി ബന്ധപ്പെട്ട തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചുവെന്നും വേദനയുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളില്‍ അടക്കം വ്യാജ പ്രചരണം നടന്നു. പാര്‍ട്ടിയോടൊപ്പം ചേര്‍ന്നുനില്‍ക്കണമെന്നാണ് പറഞ്ഞത്. പാര്‍ട്ടിയാണ് വലുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് നില്‍ക്കണമെന്നാണ് പറഞ്ഞത്. മാധ്യമങ്ങള്‍ വേറൊറു സെന്‍സ് അതിന് കൊടുത്തു. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അത് കട്ട് ചെയ്തിട്ട് കഴിഞ്ഞ കുറേ നാളുകളായി എന്നോട്ട് ചെയ്യുന്നത് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. വേദനയുണ്ടെങ്കിലും പാര്‍ട്ടിയാണ് വലുത്. അബിനും അത് മനസിലാക്കണം. പാര്‍ട്ടിയോടൊപ്പം നില്‍ക്കണം എന്നാണ് ഞാന്‍ പറഞ്ഞത് – അദ്ദേഹം പറഞ്ഞു.

തന്നെ സംബന്ധിച്ച് ഒരു പദവിയും പ്രശ്‌നമല്ലെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. 23 വര്‍ഷക്കാലം പദവികള്‍ക്കപ്പുറം പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച ഒരു വ്യക്തിയാണ് ഞാന്‍. തിരുവനന്തപുരം തൊട്ട് കാസര്‍ഗോഡ് വരെ ഏതൊരു പരിപാടിയില്‍ പങ്കെടുക്കാനും ഒരു പദവിയും എനിക്ക് വേണ്ട. പദവികള്‍ക്കപ്പുറം പാര്‍ട്ടിയാണ് വലുത്. വലിയൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സമയമാണ്. ആ സമയത്ത് ഞാനായിട്ട് ഒന്നും പറയുന്നില്ല – അദ്ദേഹം പറഞ്ഞു.

ഞാന്‍ എന്തു പറഞ്ഞാലും അത് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന ചിലര്‍ ഇതിന് പിന്നിലുണ്ട്. ഞാനെന്റെ പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. പലര്‍ക്കും തെറ്റിദ്ധാരണ ഉണ്ടാക്കി. ഞാന്‍ മുന്‍പ് പറയാത്ത ഒരു കാര്യവും പുതുതായി പറഞ്ഞിട്ടില്ല. വലിയ മനോവിഷമം ഉണ്ടായി. ഞങ്ങളുടെ കുടുംബത്തെ പോലും ബാധിച്ചു. ഉമ്മന്‍ചാണ്ടിയെ പോലും ആക്രമിക്കുകയാണ്. ഞാന്‍ പറഞ്ഞതിന് ചിലര്‍ വളച്ചൊടിച്ചു. പ്രവര്‍ത്തകര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം – ചാണ്ടി ഉമ്മന്‍ പറഞ്ഞു.

അതേസമയം, യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ പദവിയില്‍നിന്ന് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മന്‍ ഇന്നലെ പരസ്യമായി പ്രതികരിച്ചിരുന്നു.തനിക്ക് വളരെയധികം മാനസിക വിഷമം ഉണ്ടാക്കിയ സംഭവമാണ്. ഒരു ചോദ്യം പോലും ചോദിച്ചില്ല. തന്നോട് പറഞ്ഞിരുന്നെങ്കില്‍ രാജിവെച്ച് ഒഴിഞ്ഞേനെ. തന്നെ അപമാനിക്കുന്ന രീതിയിലാണ് പുറത്താക്കിയത് എന്നായിരുന്നു ചാണ്ടി ഉമ്മന്‍ പറഞ്ഞത്. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചതാര് എന്ന് പിന്നീട് പറയാമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*