
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. കണ്ണൂരിനും കാസര്‍കോടിനും പുറമെ കോഴിക്കോടും യെല്ലോ അലര്‍ട്ടാണ്.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത.
അടുത്ത രണ്ട് ദിവസം മഴയുടെ ശക്തി കുറയുമെങ്കിലും പിന്നീട് മഴ ശക്തി പ്രാപിക്കും. ബുധന്‍ വ്യാഴം ജില്ലകളില്‍ കണ്ണൂരും കാസര്‍കോഡും യെല്ലോ മുന്നറിയിപ്പാണുള്ളത്. ഇന്നും നാളെയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) 2.9 മുതല്‍ 3.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാന ജലസേചന വകുപ്പിന്റെ കാസര്‍കോട് ജില്ലയിലെ ഉപ്പള സ്റ്റേഷനില്‍ ജലനിരപ്പ് മുന്നറിയിപ്പ് പരിധി കവിഞ്ഞതിനാല്‍ ഉപ്പള നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
Be the first to comment