യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി; ഇന്നലെ മാത്രം റദ്ദാക്കിയത് 550 സര്‍വീസുകള്‍

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.

എല്ലാ ഉപഭോക്താക്കളോടും പങ്കാളികളോടു ഹൃദയംഗമമായ ക്ഷമാപണം നടത്തുന്നു എന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും ശ്രമം തുടരുന്നുവെന്നും കമ്പനി അറിയിച്ചു. MOCA, DGCA, BCAS, AAI, വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ പിന്തുണയോടെ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നു എന്നും ഇന്‍ഡിഗോ വ്യക്തമാക്കി.

അടുത്ത മൂന്ന് ദിവസം കൂടുതല്‍ സര്‍വീസുകളെ ബാധിക്കുമെന്നും വിമാനക്കമ്പനി അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ എട്ടിനു ശേഷം സര്‍വീസുകള്‍ കുറയ്ക്കുമെന്ന് ഇന്‍ഡിഗോ DGCAയെ അറിയിച്ചു. ഫെബ്രുവരി 10ഓടെ മാത്രമേ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് എത്തൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം, ഫെബ്രുവരി 10 വരെ പൈലറ്റുമാര്‍ക്കുള്ള പുതിയ ഫ്‌ലൈറ്റ് ഡ്യൂട്ടി സമയ പരിധി (FDTL) മാനദണ്ഡങ്ങളില്‍ ഇന്‍ഡിഗോ ഇളവ് തേടി. ഇളവുകള്‍ അവലോകനത്തിനായി സമര്‍പ്പിക്കാന്‍ DGCA ആവശ്യപ്പെട്ടു. പുതിയ FDTL മാനദണ്ഡങ്ങള്‍ പ്രകാരം തങ്ങളുട ഫ്‌ളൈറ്റ് ക്രൂ ആവശ്യകതയെ തെറ്റായി വിലയിരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം എന്നും ഇന്‍ഡിഗോ അറിയിച്ചു.

ഗുവാഹത്തി വിമാനത്താവളത്തില്‍ 24 മണിക്കൂറിലേറെയായി നാല്‍പതോളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാവിലെ ആറുമണിക്ക് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല. രോഗികള്‍ അടക്കമുള്ളവര്‍ മണിക്കൂറുകളായി വിമാനത്താവളത്തില്‍ തുടരുകയാണ്.

പുലര്‍ച്ചെ പുറപ്പെടേണ്ട തിരുവനന്തപുരം – ഷാര്‍ജ വിമാനം ഇതുവരേയും പുറപ്പെടാത്തതിനാല്‍ നിരവധി യാത്രക്കാര്‍ പ്രതിസന്ധിയിലായി. പുലര്‍ച്ചെ
01.05 ന് പുറപ്പെടേണ്ട വിമാനം അനിശ്ചിതമായി വൈകുകയാണ്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് വ്യക്തമാക്കിയിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*