അത്താഴത്തിന് ചോറോ ചപ്പാത്തിയോ നല്ലത്?

അത്താഴം എപ്പോഴും ലളിതമായിരിക്കണമെന്നാണ് പൊതുവെ പറയാറ്. അത്താഴം തെറ്റിയാൽ, അത് ദഹനത്തെയും മെറ്റബോളിസത്തെയും മോശമാക്കും. അതോടെ രാത്രിയിലെ ഉറക്കത്തെയും ബാധിക്കാം. അതുകൊണ്ട് തന്നെ ദിവസത്തെ അവസാന ഭക്ഷണമായ അത്താഴത്തിന് പ്രാധാന്യം കൂടുതലാണ്.

മിക്കവാറും ആളുകൾ ചോറോ ചപ്പാത്തിയോ ആണ് അത്താഴത്തിന് തിരഞ്ഞെടുക്കുക. ഇവ രണ്ട് കാർബോഹൈഡ്രേറ്റ് അടങ്ങിയതാണ്. എന്നാൽ അവയുടെ ദഹന ശേഷിയും നാരുകളുടെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു.

രാത്രിയിൽ ചപ്പാത്തി കഴിച്ചാൽ.

ഗോതമ്പ് അല്ലെങ്കിൽ മൾട്ടിഗ്രെയിൻ മാവ് ഉപയോ​ഗിച്ചാണ് സാധാരണ ചപ്പാത്തി ഉണ്ടാക്കുക. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാൻ സമയമെടുക്കാം. അതുകൊണ്ട് തന്നെ കൂടുതൽ നേരം വയറ് നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ സഹായിക്കും.

കൂടാതെ ഊർജം പുറത്ത് വിടുന്നത് സ്ഥിരപ്പെടുത്താൻ സഹായിക്കും. ചപ്പാത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തും. എന്നാല്‍ അസിഡിറ്റിക്ക് സാധ്യതയുള്ളവരോ ദഹനശേഷി കുറവുള്ളവരോ ആയവർക്ക്, രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് നല്ലതായിരിക്കില്ല.

ചോറ് കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ചോറ്. പ്രത്യേകിച്ച് തവിടു കളഞ്ഞ വെളുത്ത അരി കൊണ്ടുണ്ടാക്കിയ ചോറ്. രാത്രി നല്ല ഉറക്കത്തിനും വയറുവീർക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ വേഗത്തില്‍ ദഹിക്കുന്നതിനാല്‍ ചിലര്‍ക്ക് വീണ്ടും വിശക്കാനും സാധ്യതയുണ്ട്. പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവക്കൊപ്പം ചോറ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ വലിയ അളവില്‍ പ്രത്യേകിച്ച് കലോറി കൂടുതലുള്ള ഭക്ഷണങ്ങള്‍ക്കൊപ്പം ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ കാരണമാകും.

 

Be the first to comment

Leave a Reply

Your email address will not be published.


*