
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ തസ്ലീമ സുൽത്താനയെ ഒന്നാം പ്രതിയാക്കി ഇന്ന് കുറ്റപത്രം സമർപ്പിക്കും. നടൻ ഷൈൻ ടോം ചാക്കോയ്ക്ക് കേസുമായി ഒരു ബന്ധവുമില്ല. നടൻ ശ്രീനാഥ് ഭാസിയാണ് പ്രധാന സാക്ഷി. ശ്രീനാഥ് ഭാസി ഉൾപ്പെടെ 5 സാക്ഷികളുടെ രഹസ്യ മൊഴി കോടതിയിൽ രേഖപ്പെടുത്തി. 49 പേരാണ് കേസിലുള്ള മറ്റ് സാക്ഷികൾ.
തസ്ലീമ സുൽത്താനയാണ് ഒന്നാംപ്രതി. തസ്‌ലീമയുടെ പ്രായപൂർത്തിയാകാത്ത രണ്ടു മക്കളും സാക്ഷികളാണ്. കഴിഞ്ഞ മാസം രണ്ടിനാണ് മൂന്നു കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുൽത്താനയും കൂട്ടാളിയും പിടിയിലായത്. ബെംഗളുരുവിൽ നിന്ന് എറണാകുളത്ത് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് ആലപ്പുഴ ഓമനപ്പുഴയിലെ ഗാർഡൻ എന്ന റിസോർട്ടിൽ എത്തിച്ചപ്പോൾ ആണ് എക്സൈസ് പിടികൂടിയത്. ആവശ്യക്കാർ എന്ന രീതിയിൽ കെണിയൊരുക്കിയാണ് എക്സൈസ് സംഘം പ്രതികളെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ എത്തിച്ചത്.
ശ്രീനാഥ് ഭാസി , ഷൈൻ ടോം ചാക്കോ ഉൾപ്പടെയുള്ള ചലച്ചിത്ര നടന്മാർക്ക് ഹൈബ്രിഡ് കഞ്ചാവ് കൈമാറിയതായി പ്രതി എക്സൈസിന് മൊഴി നൽകിയിരുന്നത്. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരിയാണ് ഹൈബ്രിഡ് കഞ്ചാവിന്. എംഡിഎംഎയെക്കാൾ അപകടകാരി. ഹൈഡ്രോപോണിക് കൃഷിരീതിയിൽ തായിലാൻഡിൽ വികസിപ്പിച്ചതാണ് ഹൈബ്രിഡ് കഞ്ചാവ്. എയർപോർട്ടിന് പുറത്ത് ഇത്രയും വലിയ അളവ് പിടികൂടുന്നത് അടുത്ത കാലത്ത് ആദ്യമായാണ്.
Be the first to comment