ഇന്ന് നിരവധി പേരാണ് ജോലിക്കും പഠനത്തിനുമായി വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായി താമസിക്കുന്നത്. എന്നാൽ കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവർ ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് വരാൻ പൊതുവേ ട്രെയിൻ, ബസ് സര്‍വീസുകളെയാണ് ആശ്രയിക്കുന്നത്.
എന്നാല്‍ അടിയന്തര സാഹചര്യങ്ങള്‍ വന്നാല്‍ ഇവർക്ക് ഒരുപക്ഷെ ബസിലും ട്രെയിനിലും നാട്ടിലെത്താന്‍ സാധിച്ചുവെന്ന് വരില്ല. പ്രത്യേകിച്ച് വിദേശത്ത് ഉള്ളവർക്ക്. അവര്‍ നാട്ടിലേക്ക് വരാന്‍ ആശ്രയിക്കുക വിമാനം മാത്രമാണ്. എന്നാൽ ട്രെയിനുകളെയും ബസുകളെയും അപേക്ഷിച്ച് വിമാനങ്ങളിലെ യാത്ര വലിയ ചെലവേറിയതാണ്.
എന്നാല്‍ ചില സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കും. ഇത്തരം സാഹചര്യങ്ങളിലെ യാത്ര ഏറെ സാമ്പത്തിക നഷ്ടം വരുത്തും. എന്നാല്‍ ഇത്തരം നഷ്ടങ്ങള്‍ സംഭവിക്കാതിരിക്കാന്‍ ഏതാനും കാര്യങ്ങളൊന്നും ശ്രദ്ധിച്ചാല്‍ മതിയാകും.
നിരക്ക് കുറഞ്ഞ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ ദിവസം
ഫ്ലൈറ്റ് ടിക്കറ്റുകളുടെ നിരക്ക് ക്രമരഹിതമായി കുറയുന്നില്ല. ആഭ്യന്തര റൂട്ടുകളിൽ യാത്ര ചെയ്യാൻ ഏകദേശം 6 മുതൽ 8 ആഴ്ച മുമ്പാണ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ഏറ്റവും നല്ല സമയം. അതേസമയം അന്താരാഷ്ട്ര (സിംഗപ്പൂർ, തായ്ലൻഡ്, ദുബായ്) നിരക്കുകൾ സാധാരണയായി ഏകദേശം 2-4 മാസം മുമ്പ് കുറയും. ഈ ആഴ്ചകളിൽ പ്രത്യേകിച്ച് ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ ടിക്കറ്റ് നിരക്ക് തെരയുന്ന ആളുകളുടെ എണ്ണം പൊതുവേ കുറവായിരിക്കും. ആയതിനാൽ ഈ ദിവസങ്ങളിൽ ടിക്കറ്റ് നിരക്കും കുറവായിരിക്കും.
ഒഴിഞ്ഞ സീറ്റുകൾ നിറയ്ക്കാൻ വിമാനക്കമ്പനികൾ നിരക്കുകൾ കുറയ്ക്കുന്ന ഓഫ്-പീക്ക് വിമാന യാത്രാ ദിവസങ്ങളായി ഇവ കണക്കാക്കപ്പെടുന്നു. ഇനി നിങ്ങളുടെ തീയതിയിൽ നിരക്ക് കുറവുള്ളതാണോ എന്ന് അറിയാൻ ഉദ്ദേശിക്കുന്ന എയർലൈനിൻ്റെ ബുക്കിങ് സൈറ്റ് തുറന്ന് ‘full month view’ എന്ന ഭാഗം ടാപ്പ് ചെയ്യാം. പെട്ടെന്ന് ഉണ്ടാകുന്ന വിലക്കുറവ് കണ്ടെത്താൻ ഇതൊരു എളുപ്പവഴിയാണ്.
കുറഞ്ഞ നിരക്കിൽ ടിക്കറ്റുകളെടുക്കാം
ഒരു തവണ നിങ്ങൾ തെരഞ്ഞ ഫ്ലൈറ്റിൻ്റെ നിരക്ക് പിന്നീട് നോക്കുമ്പോൾ പെട്ടെന്ന് വർധിച്ചതായി തോന്നാം. ഈ നിരക്ക് വർധനവ് ഒഴിവാക്കാൻ സ്വകാര്യ ബ്രൗസിങ് സെഷനുകൾ ഉപയോഗിക്കുക. ക്രോമിലെ ഇൻകോഗ്നിറ്റോ മോഡ് പോലുള്ളവയും തെരയാൻ ഉപയോഗിക്കാം.
അലർട്ടുകൾ സജ്ജമാക്കുക
Google Flights, Skyscanner, Kayak പോലുള്ള വെബ്സൈറ്റുകളിൽ അലർട്ടുകൾ സജ്ജമാക്കുക. ഇത് നിരക്കുകൾ കുറയുന്ന സമയം നിങ്ങൾക്ക് മുന്നറിയിപ്പ് നൽകും. ഉത്സവ കാലങ്ങൾ, അവധിക്കാല യാത്രകൾ എന്നിവയ്ക്ക് ഇത് പ്രയോജനം ചെയ്യും. അല്ലാത്തപക്ഷം നിങ്ങളുടെ യാത്രയ്ക്ക് ഏറ്റവും ചെലവ് കുറഞ്ഞ ഫ്ലൈറ്റ് കണ്ടെത്താൻ ഒന്നിലധികം യാത്രാ പ്ലാറ്റ്ഫോമുകളിലുടനീളം അന്വേഷിച്ച് വിലകൾ താരതമ്യം ചെയ്യാം. ഏറ്റവും നിരക്ക് കുറഞ്ഞ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള മികച്ച ഒപ്ഷനായി സ്കൈസ്കാനർ, കയാക്ക് എന്നിവ തെരഞ്ഞെടുക്കാം.
മാത്രമല്ല നിങ്ങളുടെ ഫ്ലൈറ്റിൻ്റെ സമയമോ തീയതിയോ മാറ്റുന്നത് ഗണ്യമായ ലാഭം നേടാൻ സഹായിച്ചേക്കാം. ഫ്ലൈറ്റുകൾക്കായി തെരയുമ്പോൾ നിങ്ങൾ പുറപ്പെടാൻ ഉദ്ദേശിക്കുന്ന തീയതിക്ക് അടുത്തുകിടക്കുന്ന തീയതികളും പരിശോധിക്കുക. കുറഞ്ഞ നിരക്കിൽ ഒരേ ഫ്ലൈറ്റ് നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ വ്യത്യസ്ഥ സമയത്ത് പുറപ്പെടുന്ന ഫ്ലൈറ്റുകൾ തെരയാം.
പോയിൻ്റുകൾ, ദൂരം, അപ്ഗ്രേഡുകൾ എന്നിവ ശ്രദ്ധിക്കുക
പേയ്മെൻ്റുകൾക്കായി പ്രീമിയം ബാങ്കുകളിൽ നിന്നുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ പല എയർലൈനുകളും ഓൺലൈൻ ട്രാവൽ ഏജൻസികളും ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം ക്രെഡിറ്റ് കാർഡുകൾ പലപ്പോഴും ഡിസ്കൗണ്ട് ഫ്ലൈറ്റ് റിസർവേഷനുകൾ നല്‍കും. കൂടാതെ ക്രെഡിറ്റ് കാർഡ് റിവാർഡ് പ്രോഗ്രാമുകൾ നിങ്ങളുടെ പോയിൻ്റുകളെ എയർലൈൻ ക്രെഡിറ്റുകളാക്കി മാറ്റാൻ നിങ്ങളെ അനുവദിച്ചേക്കാം.
അടുത്തുള്ള വിമാനത്താവളങ്ങൾ പരിഗണിക്കുക
അടുത്തുള്ള വിമാനത്താവളങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നത് ലാഭകരമാണോയെന്ന് അന്വേഷിക്കുക. കാരണം വലിയ വിമാനത്താവളങ്ങൾ ഉയർന്ന നിരക്കുകൾ ഈടാക്കാറുണ്ട്. പുറപ്പെടുന്ന നഗരത്തെ ആശ്രയിച്ച് വിമാന നിരക്കുകൾ വളരെയധികം വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന് മുംബൈ പലപ്പോഴും നിരക്ക് കുറഞ്ഞ ദീർഘദൂര യാത്രകൾ വാഗ്ദാനം ചെയ്യുന്നു. ഡൽഹിയിൽ മത്സരാധിഷ്ഠിതമായ അന്താരാഷ്ട്ര വില നിർണയമുണ്ട്. കൂടാതെ ബെംഗളൂരുവും ഹൈദരാബാദും മികച്ച SE Asia ഡീലുകൾ വാഗ്ദാനം ചെയ്യുന്നുവെന്നും അറിഞ്ഞിരിക്കുക.
റെഡ്-ഐ വിമാന ടിക്കറ്റുകൾ:
ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ ഏറ്റവും നിരക്ക് കുറഞ്ഞ ഓപ്ഷനുകളാണ് റെഡ്-ഐ ഫ്ലൈറ്റുകൾ (അർധരാത്രിയിലും അതിരാവിലെയും പുറപ്പെടുന്നവ). പണം ലാഭിക്കുന്നതിനും ഒരു ദിവസം കൊണ്ട് നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനും സാധിക്കുന്നു.
റെഡ്-ഐ വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ
- യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന എയർലൈനിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക.
- ഇതിൽ ‘ബുക്ക് ഫ്ലൈറ്റ്’ തെരഞ്ഞെടുത്ത് യാത്രാ തീയതിയും മറ്റ് വിശദാംശങ്ങളും നൽകുക.
- ഫ്ലൈറ്റ് ഓപ്ഷനുകൾ പരിശോധിക്കുക.
- തെരഞ്ഞെടുത്ത ഫ്ലൈറ്റിൻ്റെ വിശദാംശങ്ങൾ പരിശോധിച്ച് പേയ്മെൻ്റ് നടത്തി ബുക്കിങ് പൂർത്തിയാക്കുക.
- ബുക്കിങ് വിജയകരമായാൽ ഇമെയിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്.



Be the first to comment