ജയസാധ്യതയുള്ള സീറ്റ് തരാന്‍ കോണ്‍ഗ്രസ് തയ്യാര്‍, പക്ഷേ സപ്തതി കഴിഞ്ഞതിനാല്‍ ഞാന്‍ മത്സരിക്കാനില്ല: ചെറിയാന്‍ ഫിലിപ്പ്

നിയമസഭയിലേക്ക് താന്‍ മത്സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. വിജയസാധ്യതയുള്ള സീറ്റ് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറാണെങ്കിലും സപ്തതി കഴിഞ്ഞതിനാല്‍ മത്സരത്തില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്നാണ് ചെറിയാന്‍ ഫിലിപ്പിന്റെ നിലപാട്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 

യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നപ്പോള്‍ അധികാരക്കുത്തകയ്ക്ക് എതിരെ പോരാടിയ ആളാണെന്നും ആ നിലപാടില്‍ മാറ്റമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് ട്വന്റിഫോറിനോട് പറഞ്ഞു. എഴുപത് വയസ് കഴിഞ്ഞ നേതാക്കള്‍ മത്സരിക്കരുതെന്നാണ് പണ്ട് മുതല്‍ തനിക്കുള്ള നിലപാട്. പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടും എനിക്ക് നിയമസഭാംഗമാകാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ജയസാധ്യതയുള്ള സീറ്റ് തന്നെ തരാന്‍ നേതാക്കള്‍ ഒരുക്കമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. എന്നാല്‍ മത്സരിക്കേണ്ട എന്നത് തന്റെ വ്യക്തിപരമായ നിലപാടാണ്. മുന്‍പ് സ്വയം പറഞ്ഞ വാക്കുപാലിക്കലാണ്. സീറ്റ് കിട്ടാത്തതുകൊണ്ടല്ല മുമ്പ് പാര്‍ട്ടി വിട്ട് പോയത്. അധികാരം താന്‍ മോഹിച്ചിട്ടില്ലെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.

ചെറിയാന്‍ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

നിയമസഭയിലേക്ക് മത്സരിക്കാനില്ല:
ചെറിയാന്‍ ഫിലിപ്പ്
നിയമസഭാ തെരഞ്ഞെടുപ്പില്‍ എനിക്ക് ജയസാദ്ധ്യതയുള്ള സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാണെങ്കിലും, സപ്തതി കഴിഞ്ഞതിനാല്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
ശാന്തികവാടത്തിലെ വൈദ്യുത ശ്മശാനത്തില്‍ എരിഞ്ഞടങ്ങുന്നതുവരെ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരിക്കും. രാഷ്ട്രീയ ചിന്താശേഷിയിലും ഓര്‍മ്മശക്തിയിലും യുവത്വം നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി ഏല്പിക്കുന്ന ഏതു ചുമതലയും ഉത്തരവാദിത്വത്തോടെ നിര്‍വ്വഹിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*