‘ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി’; പ്രതികരിച്ച് സുരേഷ് കുറുപ്പ്

കോട്ടയം: കോണ്‍ഗ്രസിലേക്കെന്ന മാധ്യമ വാര്‍ത്തകളോട് പ്രതികരിച്ച് മുന്‍ എംഎല്‍എ സുരേഷ് കുറുപ്പ്. തന്നെ കുറിച്ച് ചില മാധ്യമങ്ങള്‍ വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളാണ് നടത്തുന്നത്. താന്‍ ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. 1972ലാണ് സിപിഎം അംഗമായത്. അന്നു തൊട്ട് ഇന്നുവരെ സിപിഎമ്മിന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും തനിക്കില്ലെന്നും സുരേഷ് കുറുപ്പ് പറഞ്ഞു.

‘പാര്‍ട്ടി എന്റെ രാഷ്ട്രീയജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണ്. ഞാന്‍ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തെരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എന്റെ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്ന അവസരങ്ങള്‍ മാത്രമായിരുന്നു അതെല്ലാം തന്നെ’- സുരേഷ് കുറുപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരുപം

കഴിഞ്ഞ കുറെ ദിവസങ്ങളായി ന്യൂസ് 18 ചാനലും അതിനെ തുടര്‍ന്ന് മറ്റു ചിലരും എന്നെക്കുറിച്ച് തികച്ചും വസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ ഏറ്റുമാനൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ പോവുകയാണ് എന്നതാണ് ഈ പ്രചാരണം. ഞാന്‍ 1972 ല്‍ സിപിഐ (എം) ല്‍ അംഗമായതാണ്. അന്നു തൊട്ട് ഇന്നുവരെ സിപിഐ (എം) ന്റെ രാഷ്ട്രീയ നിലപാടുകളോട് ഒരു അഭിപ്രായ വ്യത്യാസവും എന്നിക്കില്ല. പാര്‍ട്ടി എന്റെ രാഷ്ട്രീയജീവിതത്തിന്റെ പ്രതിരൂപവും പതാകയുമാണ്. ഞാന്‍ രാഷ്ട്രീയം മറന്ന് ഏതെങ്കിലും സ്ഥാനമാനങ്ങളുടെ പുറകെ പായുന്ന ഒരാളല്ല. തിരഞ്ഞെടുപ്പോ അതിലൂടെ ലഭിക്കുന്ന സ്ഥാനലബ്ധികളോ എനിക്ക് പ്രധാനമല്ല. എന്റെ ഇടതുപക്ഷരാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായി വന്ന അവസരങ്ങള്‍ മാത്രമായിരുന്നു അതെല്ലാം തന്നെ. എന്റെ രാഷ്ട്രീയമാണ് എനിക്ക് മുഖ്യം എന്ന് എന്നെ സ്‌നേഹിക്കുന്ന മിത്രങ്ങളേയും എന്നില്‍ വിശ്വാസമര്‍പ്പിച്ചിട്ടുള്ള ജനങ്ങളേയും എനിക്കറിയാത്ത കാരണങ്ങളാല്‍ എന്നോട് ശത്രുഭാവേന പ്രവര്‍ത്തിക്കുന്നവരേയും അറിയിക്കട്ടെ.

 

Be the first to comment

Leave a Reply

Your email address will not be published.


*