‘കേരളം എക്കാലവും പലസ്തീൻ ജനതയ്ക്കൊപ്പം’; പലസ്തീൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

പലസ്തീൻ അംബാസിഡർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിലെ പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേഷാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറിൽ ആയിരുന്നു കൂടിക്കാഴ്ച. പലസ്തീൻ ജനതയ്ക്ക് മുഖ്യമന്ത്രി ഐക്യദാർഢ്യം അറിയിച്ചു. കേരളം എക്കാലവും പലസ്തീന് ഒപ്പമാണെന്നും മുഖ്യമന്ത്രി പലസ്തീൻ അംബാസിഡറോട് പറഞ്ഞു.

യുഎസ് പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര കൺവെൻഷനുകളും അട്ടിമറിച്ചാണ് പലസ്തീന്റെ ജനാധിപത്യ അവകാശങ്ങൾ ഇസ്രായേൽ നിഷേധിച്ചുപോരുന്നത്. പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശത്തിനൊപ്പമാണ് കേരളം. യുഎൻ പ്രമേയത്തിനനുസൃതമായി കിഴക്കൻ ജറുസലേം തലസ്ഥാനമായിട്ടുള്ള പലസ്തീൻ രാഷ്ട്രം സാധ്യമാക്കുകയും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്‌ഥാപിക്കുകയും ചെയ്യാൻ ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും അടിയന്തിരമായി പ്രവർത്തിക്കേണ്ടതുണ്ട് എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഇസ്രയേലി അധിനിവേശവും പലസ്തീൻ ഇന്ന് നേരിടുന്ന പ്രശ്നങ്ങളും അംബാസിഡർ വിശദീകരിച്ചു. ഈ നിർണായ സന്ദർഭത്തിൽ കേരളം നൽകുന്ന പിന്തുണ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ പിന്തുണ പലസ്തീന് ആവശ്യമുണ്ട്. അത് ലോകത്തെമ്പാടുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*