
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ വെച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായി രാജ്ഭവനിലെത്തി. രാജ്ഭവൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസികയായ ‘രാജ്ഹംസി’ന്റെ പ്രകാശനചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്‍റെ സാന്നിധ്യത്തില്‍ ശശി തരൂർ എംപിക്ക് മാസിക നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഏറെ വിവാദങ്ങൾക്കിടയാക്കിയ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വേദിയിലുണ്ടായിരുന്നില്ല. പരിപാടിയുടെ ബാനറിനൊപ്പം ദേശീയ പതാക മാത്രമായിരുന്നു വേദിയിലുണ്ടായിരുന്നത്.
അതേസമയം പ്രകാശനം ചെയ്ത മാസികയിലെ ലേഖനത്തോടുള്ള വിയോജിപ്പ് മുഖ്യമന്ത്രി വേദിയിൽ തന്നെ വ്യക്തമാക്കി. ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിന്റെ അഭിപ്രായമല്ലെന്നും ലേഖകന്റെ അഭിപ്രായമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യ പതിപ്പിലെ ലേഖനത്തിൽ ഗവർണറുടെ അധികാരങ്ങളും സർക്കാരിന്റെ അധികാരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ലേഖകൻ രേഖപ്പെടുത്തിയിരിക്കുന്നത് സർക്കാരിൻറെ അഭിപ്രായമല്ല. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാം. സംസ്ഥാന- കേന്ദ്ര ബന്ധത്തെ കുറിച്ചുള്ള ലേഖനം സംസ്ഥാന സർക്കാരിന്റെ നയമല്ല. രാജ്ഭവന്റെ പേരിൽ വരുന്നു എന്ന് കരുതി അത് സർക്കാരിൻറെ അഭിപ്രായമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിനോട് വ്യത്യസ്തവും വിഭിന്നവുമായ നിലപാടുകൾ രേഖപ്പെടുത്തുന്ന ലേഖനങ്ങൾ ഇനിയും ഉണ്ടായെന്ന് വരാം. വിരുദ്ധ അഭിപ്രായങ്ങളെ അനുവദിക്കണം എന്നതാണ് സർക്കാർ നിലപാട്. വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പ്രശ്‌നം വിയോജനാഭിപ്രായങ്ങളെ അനുവദിക്കണോ? കഴുത്തു ഞെരിച്ചു കൊല്ലണോ? എന്നതാണ്. ആദ്യത്തേതാണു വേണ്ടത് എന്നു കരുതുന്ന സർക്കാരാണു കേരളത്തിലുള്ളത്. വിയോജനാഭിപ്രായങ്ങളെ അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പ്പായി നമുക്കു ലഭിച്ചിട്ടുണ്ട്. അതു ഭദ്രമായി നിലനിർത്തുക എന്നതാണു സർക്കാരിന്റെ നിലപാട്. വിരുദ്ധാഭിപ്രായങ്ങൾ സർക്കാരിനെ അലോസരപ്പെടുത്തുന്നില്ല. രാജ്ഭവൻ ചരിത്രപരമായ ഒട്ടനവധി കാര്യങ്ങൾക്കു സാക്ഷ്യം വഹിച്ചിട്ടുണ്ട്.ഇനിയുണ്ടാകുന്ന അത്തരം സംഭവങ്ങൾ രേഖപ്പെടുത്തപ്പെടാതെ പോവുക എന്ന അനൗചിത്യം ഉണ്ടാവാതെ നോക്കാൻ രാജഹംസിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്ഭവനുകൾ ലോക ഭവൻ ആകണമെന്നായിരുന്നു ശശി തരൂരിന്‍റെ പരാമര്‍ശം. എന്നാല്‍ ഈ ആവശ്യം താൻ നേരത്തെ ഉന്നയിച്ചതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഭാരതാംബ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ രൂക്ഷമായി ഏറ്റുമുട്ടിയിരുന്നു . രാജ്ഭവനിലെ ചടങ്ങിൽ ഭാരതാംബ ചിത്രം ഉപയോഗിച്ചതിന് പിന്നാലെ ചടങ്ങിൽനിന്നും മന്ത്രി വി ശിവൻകുട്ടി ഇറങ്ങി പോവുകയും മന്ത്രി പി പ്രസാദ് ഇതേ കാരണത്താൽ മറ്റൊരു പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. വിവാദം പുകയുമ്പോഴും ചിത്രം വെയ്ക്കാനുള്ള തീരുമാനം മാറ്റില്ലെന്ന കടുംപിടുത്തത്തിലായിരുന്നു ഗവർണർ. എന്നാൽ മുഖ്യമന്ത്രി പങ്കെടുത്ത ഇന്നത്തെ പരിപാടിയിൽ ചിത്രം ഉണ്ടായിരുന്നില്ല എന്നതാണ് ശ്രദ്ധേയം.
Be the first to comment