കേരളം വികസനവുമായി മുന്നോട്ട് പോകുമ്പോൾ അത് തടസ്സപ്പെടുത്തുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് അർഹതപ്പെട്ടത് നിഷേധിക്കരുത് അതാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. അനർഹമായത് ഒന്നും കേരളം ആവശ്യപ്പെടുന്നില്ല.കേന്ദ്രത്തിന്റെ ഈ സമീപനത്തിനെതിരെ കേരളത്തോട് താല്പര്യം ഉള്ള എല്ലാവരും ഒന്നിച്ചു നിന്ന് ശബ്ദം ഉയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ സത്യഗ്രഹ സമരത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
തിക്തമായ അനുഭവം കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. നിർഭാഗ്യവശാൽ ചില വിഭാഗങ്ങൾ കേരളത്തിന് വേണ്ടി ശബ്ദം ഉയർത്താൻ തയ്യാറാകുന്നില്ല കേരളത്തോട് ബിജെപിക്കും കേന്ദ്ര സർക്കാരിനും പക പോക്കൽ നടപടിയാണുള്ളത് കേന്ദ്രസർക്കാർ പക്ഷപാതപരമായ സമീപനം സ്വീകരിക്കുമ്പോൾ ഇവിടെയുള്ള കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി അതിന്റെ കൂടെയാണ് നിൽക്കുന്നത്. സ്വന്തം കയ്യിലുള്ള അധികാരം അത് അമിതാധികാരം ആണെന്ന് ധരിക്കുന്നതാണ് കേന്ദ്രത്തിലെ അധികാരികൾ.
കേരളത്തിൻറെ താൽപര്യം ഒരുതരത്തിലും ഉയർത്താൻ പ്രതിപക്ഷം തയ്യാറല്ല അതിന് അവരുടെതായ കാരണങ്ങൾ കാണും. നാട് മുന്നോട്ട് പോകാൻ പാടില്ല എന്ന കൂർമ്മ ബുദ്ധിയാണ് യുഡിഎഫിനും കോൺഗ്രസിനും ഉള്ളത്. കേരളത്തെ അവഗണിക്കുമ്പോൾ അവഗണിക്കുന്ന കേന്ദ്ര സമീപനത്തെയാണ് കോൺഗ്രസ് പിന്താങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ഈ മാസം മുതൽ മാർച്ച് വരെ സംസ്ഥാനത്തിന് വിനിയോഗിക്കാൻ ലഭിക്കേണ്ട തുകയുടെ പകുതിയിൽ അധികം കേന്ദ്ര സർക്കാർ വെട്ടി കുറച്ചു. 12,000 കോടി രൂപയാണ് സംസ്ഥാനത്തിന് ലഭിക്കേണ്ടി ഇരുന്നത്. കേരളത്തിന്റെ തനത് വരുമാനം കൊണ്ടു മാത്രം മുന്നോട്ടു പോകാനാകില്ല അതിനായി വായ്പ കൂടി എടുക്കേണ്ടി വരും. അതുകൊണ്ടാണ് 5900 കോടി രൂപ ഒരു നീതീകരണവും ഇല്ലാതെ നിഷേധിച്ചത്.
രാജ്യത്താകെ നടപ്പാക്കുന്ന കേന്ദ്ര പദ്ധതികൾക്ക് പോലും സംസ്ഥാനം പണം ചിലവഴിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കേരളത്തിന് അവകാശപ്പെട്ടത് നിഷേധിക്കുകയാണ് ഇതൊരു പിടിച്ചുപറിയാണ് എങ്ങനെയൊക്കെ സാമ്പത്തികമായി കേരളത്തെ ഞെരുക്കാം എന്നതാണ് കേന്ദ്രം നോക്കുന്നത്. ഇവിടെ സർക്കാരിനെയും എൽഡിഎഫിനെയും ഉന്നം വെച്ചുകൊണ്ടുള്ളതാണ് നടപടി എന്ന് മാത്രം പറയാൻ സാധിക്കില്ല. കേരളത്തെ ആകെ ബാധിക്കുന്ന നടപടിയാണ്. കേരളത്തെയാണ് കേന്ദ്രം ഞെരുക്കുന്നത് ഇതെല്ലാം കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായി നടക്കുന്നതാണ്. ആസൂത്രണം വേണ്ടത് നാടിനെ പുരോഗതിയിലേക്ക് നയിക്കാം എന്നതിലാണ്. നമ്മുടെ നാടിനെ ഏതെല്ലാം വഴിയിലൂടെ തകർക്കാം ഇതാണ് ഒരു ഭാഗത്ത് നടക്കുന്ന ആസൂത്രണം അതാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ഞെരുക്കാനുള്ള നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ടാണ് സമരം. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന സമരത്തിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്നുണ്ട്. കേരളത്തെ ഒറ്റപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യമാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ രാജൻ വിമർശിച്ചു. ജോസ് കെ മാണിയും, എം വി ശ്രേയാംസ് കുമാറും സമരത്തിൽ പങ്കെടുക്കാൻ എത്തിയില്ല. എൽഡിഎഫ് കൺവീനർ, സിപിഐഎം സംസ്ഥാന സെക്രട്ടറി, സിപിഐ സംസ്ഥാന സെക്രട്ടറി,മറ്റ് ഘടകകക്ഷി നേതാക്കൾ തുടങ്ങിയവരും സമരത്തിൽ പങ്കെടുക്കാൻ എത്തി.



Be the first to comment