‘വെള്ളാപ്പള്ളി പറഞ്ഞത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് എതിരെ’; മലപ്പുറം വിവാദത്തിൽ പിന്തുണച്ച് മുഖ്യമന്ത്രി

മലപ്പുറം ചുങ്കത്തറയിൽ വെള്ളാപ്പള്ളി നടേശൻ നടത്തിയ വിവാദ പ്രസംഗത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോട് വിരോധമോ മമതയോ വച്ചുകൊണ്ട് പറഞ്ഞതല്ല. നിലവിലെ യാഥാർത്ഥ്യം വെച്ചുകൊണ്ട് വെള്ളാപ്പള്ളി പറഞ്ഞകാര്യങ്ങളാണ് അതെല്ലാം.
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരായിട്ടാണ് വെള്ളാപ്പള്ളി സംസാരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.

ആളുകളുടെ മനസ്സുകളിലേക്ക് നല്ലതുപോലെ കയറുന്ന രീതിയിലാണ് വെള്ളാപ്പള്ളി കാര്യങ്ങൾ അവതരിപ്പിക്കുന്നത്. നാടൻ ഭാഷയിൽ പറഞ്ഞാൽ സരസ്വതി വിലാസം അദ്ദേഹത്തിൻറെ ഭാഷയ്ക്കുണ്ട്. എല്ലാ ഘട്ടത്തിലും മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാൻ ശ്രമിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

അടുത്തിടെ ചില വിവാദങ്ങൾ ഉയർന്ന വന്നത് ദൗർഭാഗ്യകരം. തെറ്റിദ്ധാരണകൾ പരത്താനുള്ള അവസരം അദ്ദേഹത്തിൻറെ പ്രസംഗത്തിന്റെ ഭാഗമായി വന്നു, എന്നാൽ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവർക്ക് അറിയാം അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്. രാഷ്ട്രീയ പാർട്ടിക്ക് എതിരെയാണ് അദ്ദേഹം പറഞ്ഞത്. ആ പാർട്ടിക്ക് വേണ്ടി ചിലർ പ്രസംഗം തെറ്റായി പ്രചരിപ്പിച്ചുവെന്നും ഏതിനെയും വക്രീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*