കോട്ടയം മെഡിക്കല്‍ കോളജിലെത്തി മുഖ്യമന്ത്രി; അപകട സ്ഥലം സന്ദര്‍ശിക്കാതെ മടക്കം

കോട്ടയം:  ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തി. ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി അപകടം സ്ഥലം സന്ദര്‍ശിക്കാനോ മാധ്യമങ്ങളെ കാണാനോ തയ്യാറായില്ല. അഞ്ച് മിനിറ്റ് സമയം മാത്രം ചെലവഴിച്ച മുഖ്യമന്ത്രി മടങ്ങി.

മന്ത്രിമാര്‍ പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കെട്ടിടം ഇടിഞ്ഞുവീണ സ്ഥലം സന്ദര്‍ശിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും അതുണ്ടായില്ല. ആശുപത്രിയില്‍ നിന്ന് മടങ്ങിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. അതേസമയം സംഭവത്തില്‍ സംസ്ഥാന വ്യാപകമായി ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്. പലയിടത്തും പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി.

കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു(52)വാണ് മരിച്ചത്. മകളുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു ബിന്ദുവും ഭര്‍ത്താവും. കെട്ടിടം തകര്‍ന്നുവീണ് രണ്ടര മണിക്കൂറിനു ശേഷമാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു ബിന്ദുവിനെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. അപ്പോഴേക്കും മരിച്ചിരുന്നു. തകര്‍ന്നുവീണ കെട്ടിടത്തിലെ ശുചിമുറിയില്‍ കുളിക്കാന്‍ പോയതായിരുന്നു ബിന്ദുവെന്ന് ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു. ഇവരുടെ മകള്‍ ട്രോമാ കെയറില്‍ ചികില്‍സയിലാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*