ജോലിക്കായി ശ്രമിക്കുകയാണോ?, മാസം ആയിരം രൂപ വീതം സാമ്പത്തിക സഹായം; മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുകയും മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയും ചെയ്യുന്ന യുവജനങ്ങള്‍ക്ക് മാസം 1000 രൂപ സാമ്പത്തികസഹായം നല്‍കുന്ന ‘മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക്’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. eempl oyment.kerala.gov.in പോര്‍ട്ടല്‍ മുഖേന മാത്രമേ അപേക്ഷ സ്വീകരിക്കൂ.

കേരളത്തില്‍ സ്ഥിരതാമസക്കാരായ 18 വയസ്സ് പൂര്‍ത്തിയായവരും 30 കവിയാത്തവരുമായിരിക്കണം. കുടുംബ വാര്‍ഷികവരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍/ കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ അനുബന്ധസ്ഥാപനങ്ങള്‍/ രാജ്യത്തെ അംഗീകൃത സര്‍വകലാശാലകള്‍/ ‘ഡീംഡ്’ സര്‍വകലാശാലകള്‍, നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നൈപുണ്യ പരിശീലനം നടത്തുന്നവരോ യുപിഎസ്സി, സംസ്ഥാന പിഎസ്സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര-നാവിക-വ്യോമ സേന, ബാങ്ക്, റെയില്‍വേ, മറ്റ് കേന്ദ്ര-സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജന്‍സികളോ നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരോ ആയിരിക്കണം.

അപേക്ഷ ലഭിക്കുന്ന തീയതിയുടെ മുന്‍ഗണനാക്രമത്തിലാണ് സാമ്പത്തികസഹായം. ഒരു വ്യക്തിക്ക് ഒരുതവണ പരമാവധി ആകെ 12 മാസത്തേക്കുമാത്രമേ ഈ സ്‌കോളര്‍ഷിപ് ലഭിക്കൂ. വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ ഏതെങ്കിലും ക്ഷേമപെന്‍ഷനുകള്‍, വിവിധതരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമനിധി ബോര്‍ഡുകളില്‍നിന്നുള്ള കുടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍/ സ്ഥാപനങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന മറ്റൊരു സ്‌കോളര്‍ഷിപ് ലഭിക്കുന്നവരെയും പരിഗണിക്കില്ല.

Be the first to comment

Leave a Reply

Your email address will not be published.


*